ഹൈദരാബാദ് :രംഗറെഡ്ഡിയില്‍ രണ്ട് യുവാക്കള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് അടക്കം 6 പേര്‍ കസ്റ്റഡിയില്‍. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും ബിജെപി നേതാവുമായ ജല്‍ക്കം രവി, ഇയാളുടെ കൂട്ടാളികള്‍ എന്നിവരാണ് പിടിയിലായത്. കടത്തൽ സ്വദേശികളായ ശേഷഗരി ശിവ ഗൗഡ് (27), ഗുണ്ടേമോനി ശിവ ഗൗഡ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്‌ചയാണ് (ജൂണ്‍ 5) കേസിനാസ്‌പദമായ സംഭവം. വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജൂണ്‍ 4ന് രവിയുടെ പിറന്നാളായിരുന്നു. കടത്തലിലെ ബട്ടർഫ്ലൈ സിറ്റിയിലെ വില്ലയില്‍ രവിയും സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഇതിന്‍റെ ഫോട്ടോകളും ദൃശ്യങ്ങളും വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയും ചെയ്‌തു. ഇതിന് പിന്നാലെ ഗ്രൂപ്പിലുണ്ടായിരുന്ന ശേഷഗരി ശിവ ഗൗഡ്, ഗുണ്ടേമോനി ശിവ ഗൗഡ് എന്നിവരെ ഒഴിവാക്കുകയും ചെയ്‌തു.
ഇതേ ചൊല്ലി രവിയുമായി ഇരുവരും തര്‍ക്കമുണ്ടായി. തുടര്‍ന്ന് ശേഷഗരി ശിവ ഗൗഡിനെയും ഗുണ്ടേമോനി ശിവഗൗഡിനെയും രവി തന്‍റെ വില്ലയിലേക്ക് വിളിച്ചു വരുത്തുകയും സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ മൃതദേഹം വില്ലയില്‍ ഉപേക്ഷിച്ച് സംഘം സ്ഥലം വിട്ടു. ശേഷഗിരി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് സഹോദരന്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം രവിയുടെ വില്ലയില്‍ നിന്നും കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 6 പേരെയും കസ്റ്റഡിയിലെടുത്തത്. യുവാക്കളും രവിയും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ കുറ്റക്കാരെ കണ്ടെത്തി വേഗത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബം ഇന്നലെ (ജൂണ്‍ 6) ഹൈദരാബാദ്-ശ്രീശൈലം ദേശീയപാതയില്‍ ധര്‍ണയും നടത്തി.
Also Read:കര്‍ണാടകയില്‍ കോണ്‍ട്രാക്‌ടര്‍ കൊല്ലപ്പെട്ട സംഭവം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്