ഇൻഡോർ: കോൺഗ്രസ് ഭരണത്തിൽ വന്നാൽ 50 ശതമാനം സംവരണം സംബന്ധിച്ച് നിയമം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തില്‍ വന്നാലുടന്‍ ജാതി സെന്‍സസ് നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും അത് ചെയ്യില്ല, അദ്ദേഹം അത് നടത്താൻ ഭയപ്പെടുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. ഡോ. ബി ആർ അംബേദ്‌കറുടെ ജന്മസ്ഥലമായ മോവിൽ നടന്ന 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ' റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയായിരുന്നു രാഹുലിന്‍റെ പരാമർശങ്ങൾ.
"ഞങ്ങൾ അധികാരത്തിൽ വന്നാൽ, 50 ശതമാനത്തിലധികം സംവരണം ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടുവരും. ഇതുവരെ പിന്നോക്ക വിഭാഗത്തിന് തങ്ങളുടെ കൃത്യമായ ജനസംഖ്യയെക്കുറിച്ച് അറിയില്ല. പണം എവിടെ ചെലവഴിക്കണമെന്ന് തീരുമാനിക്കാൻ രാജ്യത്തെ 90 ഉദ്യോഗസ്ഥർ ചേർന്നാണ് ബജറ്റ് തയ്യാറാക്കുന്നതെന്ന് നിങ്ങൾ അറിയണം. ഈ 90 പേരിൽ അഭിപ്രായമൊന്നും പറയാത്ത 5 ശതമാനം പേർ മാത്രമാണ് ദളിത്, ആദിവാസി പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ. എന്തിന് ബജറ്റ് മാത്രമാക്കുന്നു? ഏത് മേഖലയെടുത്താലും അവിടെ എത്ര ഒബിസി, ദളിത്, ആദിവാസി വിഭാഗങ്ങൾ ജോലി ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. സ്വകാര്യ മേഖലയിലും സ്ഥിതി ഇതുതന്നെയാണ്. ജുഡീഷ്യറി മുതൽ വിദ്യാഭ്യാസം, ആരോഗ്യം വരെയുള്ള പ്രധാന മേഖലകളിൽ ഒരു വിഭാഗം ആധിപത്യം പുലർത്തുന്നു. അതുകൊണ്ടാണ് കോൺഗ്രസ് കർണാടകയിലും തെലങ്കാനയിലും നടക്കുന്നതുപോലെ ജാതി സെൻസസ് ആവശ്യപ്പെടുന്നത്," രാഹുൽ ഗാന്ധി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാന്‍ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ
ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. 'തൊഴിലവസരങ്ങൾ ഇല്ലാതാക്കപ്പെടുകയും രാജ്യത്തിന്‍റെ സമ്പത്ത് ഏതാനും ചില ചങ്ങാത്ത മുതലാളിമാർക്ക് മാത്രം കൈമാറുകയും ചെയ്യുന്നതിനാൽ ദലിതർ, പിന്നോക്ക, ആദിവാസികൾ, ദരിദ്രർ എന്നിവർ വീണ്ടും അടിമകളാക്കപ്പെടുകയാണ്,' -രാഹുൽ കുറ്റപ്പെടുത്തി.
"എല്ലാവരും ജിഎസ്‌ടി അടയ്ക്കുന്നു, പക്ഷേ പണം ശതകോടീശ്വരന്മാരുടെ പോക്കറ്റിലേക്കാണ് പോകുന്നത്. റെയിൽവേയും വിമാനത്താവളങ്ങളും ഏതാനും വ്യവസായികൾക്ക് കൈമാറിക്കൊണ്ട് രാജ്യത്ത് വലിയ തോതിൽ സ്വകാര്യവൽക്കരണം നടക്കുന്നു. എല്ലാ വലിയ കരാറുകളും അവർക്ക് കൈമാറുന്നു. നിങ്ങളുടെ പണമെല്ലാം അദാനിക്കും അംബാനിക്കും കൈമാറുന്നു. പണമെല്ലാം കിട്ടിയിട്ടും ഈ ശതകോടീശ്വരന്മാർ നിങ്ങളുടേതിന് സമാനമായ ജിഎസ്‌ടിയാണ് നൽകുന്നത്. പ്രധാനമന്ത്രി മോദി ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളി, ഒരു കർഷകനും അതിന്‍റെ ഗുണം ലഭിച്ചിട്ടില്ല," രാഹുൽ ചൂണ്ടിക്കാട്ടി.
ബിജെപിയും ആർഎസ്എസും ചേർന്ന് അംബേദ്‌കറെയും ഭരണഘടനയെയും അപമാനിച്ചെന്നും രാഹുൽ ആരോപിച്ചു. അധികാരത്തിലിരിക്കുന്നവരിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കുമെന്ന് പാർട്ടി പ്രവർത്തകരോട് പ്രതിജ്ഞയെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അംബേദ്‌കർ രൂപപ്പെടുത്തിയ ഭരണഘടന മാറ്റാൻ ബിജെപിയും ആർഎസ്എസും ശ്രമിച്ചതായും അതുകൊണ്ടാണ് കഴിഞ്ഞ വർഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അവർ '400 പാർ' എന്ന മുദ്രാവാക്യം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാന്‍ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ
ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പ്രസ്‌താവന പരാമർശിച്ചുകൊണ്ട് രാഹുൽ പറഞ്ഞതിങ്ങനെ, "മോദി പ്രധാനമന്ത്രിയായപ്പോഴാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന് അവർ (ആർഎസ്‌എസ്) കരുതുന്നു. ഇത് ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഭരണഘടന അവസാനിപ്പിക്കാൻ ബിജെപി ശ്രമിച്ചു. ഭരണഘടന അവസാനിപ്പിക്കാൻ അവർ ഇപ്പോഴും ലക്ഷ്യമിടുന്നു. ഭരണഘടനാ ഭരണം അവസാനിക്കുന്ന ദിവസം എല്ലാം തകിടം മറിയുമെന്ന് നിങ്ങൾ മനസിലാക്കണം. രാജ്യത്ത് ദരിദ്രർക്കും ദലിതർക്കും ആദിവാസികൾക്കും ഒന്നും അവശേഷിക്കില്ല. എന്നാൽ കോൺഗ്രസ് ഉള്ളിടത്തോളം കാലം ബിജെപിയുടെ പദ്ധതികൾ വിജയിക്കില്ല."