കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ട് (ETV Bharat) കോഴിക്കോട് :കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകളിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. ശക്‌തമായ മഴയിൽ കുറ്റ്യാടി ടൗണിൽ തൊട്ടിൽപ്പാലം റോഡിലും ഉള്ളിയേരിയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മാവൂർ തെങ്ങിലക്കടവ് ആയംകുളം റോഡ് ഇടിഞ്ഞു. റോഡ് 30 മീറ്ററോളം പുഴയിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.
നാല് കടകളിൽ വെളളംകയറി. വെള്ളം കയറിയതിനെ തുടർന്ന് പന്തീരാങ്കാവ് യു പി സ്‌കൂൾ റോഡിൽ ആറ് വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ബുധനാഴ്‌ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്.
ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മീൻപിടിത്തത്തിന് പോകരുതെന്നാണ് നിര്‍ദേശം. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ ഭാഗമായാണ് അതിതീവ്ര മഴയുടെ സാധ്യത തുടരുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തി പ്രാപിക്കും. ഇത് തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്.
Also Read :കനത്ത മഴ, ഇടിമിന്നൽ; കാസർകോട് ജില്ലയിൽ വ്യാപക നാശനഷ്‌ടം - Lightning In Kasaragod