ചെന്നൈ (തമിഴ്‌നാട്): നീറ്റ് പരീക്ഷ നടത്തണോ വേണ്ടയോ എന്ന ചർച്ചകൾക്കിടെ വിഷയത്തിൽ തന്‍റെ അഭിപ്രായം വെളിപ്പെടുത്തി തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. നീറ്റ് പരീക്ഷ നിർത്തലാക്കുകയാണ് നല്ല മാര്‍ഗമെന്ന് പാർട്ടി ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു. കേന്ദ്ര യോഗ്യത പരീക്ഷയ്‌ക്കെതിരായ നിയമസഭ പ്രമേയത്തെ പിന്തുണക്കുന്നതായി നടൻ വിജയ് അറിയിച്ചിരുന്നു.
നീറ്റ് പരീക്ഷയിൽ ആളുകൾക്ക് വിശ്വാസം നഷ്‌ടപ്പെട്ടെന്നും രാജ്യത്തിന് നീറ്റ് ആവശ്യമില്ലെന്നും വിജയ് പറഞ്ഞു. ഇതൊഴിവാക്കുകയെന്നതാണ് ഇതിനുള്ള ഒരേയൊരു പോംവഴി. നീറ്റ് പരീക്ഷയ്‌ക്കെതിരെ തമിഴ്‌നാട് നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതായും നടന്‍ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരം കേന്ദ്രസർക്കാർ ഉൾക്കൊള്ളണമെന്നും കൺകറന്‍റ് ലിസ്റ്റിൽനിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് വിദ്യാഭ്യാസം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
നീറ്റിനെതിരായ എതിർപ്പ് അഖിലേന്ത്യാതല പ്രശ്‌നം, നിർത്തലാക്കാന്‍ സാധ്യതയുള്ളതായും തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ. സാമൂഹിക നീതിക്കും സംസ്ഥാനത്തിന്‍റെ അവകാശങ്ങൾക്കും എതിരാണെന്ന് അവകാശപ്പെട്ട് ഡിഎംകെ ദീർഘനാളായി നീറ്റിനെ എതിർക്കുകയാണ്. 12-ാം ക്ലാസ് പരീക്ഷകളിൽ നേടിയ മാർക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള മാനദണ്ഡമാക്കണമെന്നാണ് ആവശ്യം.