ന്യൂഡല്‍ഹി:മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് 'കോപ്പി'യെന്ന് പ്രതിപക്ഷം. 'കോപ്പി പേസ്റ്റ്' ബജറ്റ് എന്ന് രാഹുല്‍ ഗാന്ധി വിശേഷിച്ചപ്പോള്‍ 'കോപ്പികാറ്റ് ബജറ്റ്' എന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍മല സീതാരാമന്‍റെ എഴാമത്തെ ബാജറ്റിനെ വിശേഷിപ്പിച്ചത്. കോൺഗ്രസ് പ്രകടന പത്രികയുടെയും മുൻ ബജറ്റുകളുടെയും പകര്‍പ്പാണ് ഇത്തവണത്തെ ബജറ്റ് എന്നാണ് രാഹുല്‍ ഗാന്ധി എക്‌സിലൂടെ പ്രതികരിച്ചത്.
സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന ബജറ്റ് അല്ല എന്ന് പറഞ്ഞ രാഹുല്‍ അദാനി-അംബാനിമാര്‍ക്ക് സഹായമാകുന്ന ബജറ്റ് ആണെന്നും വിമര്‍ശിച്ചു. പൊള്ളയായ വാഗ്‌ദാനങ്ങൾ നല്‍കി സഖ്യകക്ഷികളെ പ്രീണിപ്പിക്കുന്നതാണ് ബജറ്റ് എന്നും രാഹുല്‍ പറഞ്ഞു. അതിന് ബലിയാടാകുന്നത് മറ്റ് സംസ്ഥാനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഖ്യകക്ഷികളെ കബളിപ്പിക്കാനുളള ബജറ്റ് ആണെന്ന് ഖാര്‍ഗെയും പ്രതികരിച്ചു. ഇത് രാജ്യത്തിൻ്റെ പുരോഗതിക്കുള്ള ബജറ്റല്ല, മോദി സർക്കാരിനെ രക്ഷിക്കാനുള്ള ബജറ്റാണെന്നും ഖാര്‍ഗെ പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരവും കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. 'തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബഹുമാനപ്പെട്ട ധനമന്ത്രി 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ 'കോൺഗ്രസ് പ്രകടന പത്രിക' വായിച്ചുവെന്നറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. കോൺഗ്രസ് മാനിഫെസ്റ്റോയുടെ 30-ാമത്തെ പേജില്‍ പറയുന്ന എംപ്ലോയ്‌മെൻ്റ്-ലിങ്ക്ഡ് ഇൻസെൻ്റീവ് (ഇഎൽഐ) ഫലത്തിൽ സ്വീകരിച്ചതിൽ സന്തോഷമുണ്ട്' എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മാനിഫെസ്റ്റോയുടെ പേജ് 11- ല്‍ പറയുന്ന അപ്രൻ്റീസ്ഷിപ്പ് പദ്ധതിയും ഒപ്പം എല്ലാ അപ്രൻ്റീസിനും അലവൻസും നല്‍കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും പി ചിദംബരം പറഞ്ഞു. 'എയ്ഞ്ചൽ ടാക്‌സ്' നിർത്തലാക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും അതും കോൺഗ്രസ് പ്രകടന പത്രികയുടെ 31-ാം പേജില്‍ പറയുന്നുണ്ടെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
ഇത് കൂടാതെ നിരവധി ആശയങ്ങള്‍ നിര്‍മല സീതാരാമന്‍ കോൺഗ്രസ് മാനിഫെസ്റ്റോയില്‍ നിന്നും എടുത്തിട്ടുണ്ട്. അത് ഉടന്‍ വെളിപ്പെടുത്താം എന്നും ചിദംബരം പറഞ്ഞു.
Also Read:കേന്ദ്ര ബജറ്റ് 2024: ആന്ധ്രയ്‌ക്കും ബിഹാറിനും വാരിക്കോരി, ഇരു സംസ്ഥാനത്തിനും പ്രത്യേക പദ്ധതികള്‍