ന്യൂഡല്‍ഹി : ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി വളര്‍ന്നെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നത് തുടരും. മെട്രോയുടെ വികസനത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കും.
വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഇവയുടെ നിര്‍മ്മാണം വര്‍ധിപ്പിക്കും. ചാര്‍ജിംഗിന് കൂടുതല്‍ സ്റ്റേഷനുകള്‍ ഒരുക്കും. പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ വ്യക്തമാക്കി.
വന്ദേഭാരത് മാതൃകയില്‍ ട്രെയിനുകളില്‍ കൂടുതല്‍ ബോഗികള്‍ ഉള്‍പ്പെടുത്തും. വിനോദസഞ്ചാര വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല വായ്‌പകള്‍ നല്‍കും. ഇതിലൂടെ കൂടുതല്‍ തൊഴിലും വിദേശനിക്ഷേപവും ഉറപ്പാക്കും. വിദേശരാജ്യങ്ങളുമായി കൂടുതല്‍ നിക്ഷേപത്തിന് ചര്‍ച്ചകള്‍ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അടുത്ത അഞ്ചുവര്‍ഷം രാജ്യത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാകുമെന്ന വാഗ്‌ദാനവും മന്ത്രി നടത്തി. ചെറുകിട വ്യവസായങ്ങള്‍ക്ക് അമൃത് കാലത്തില്‍ പ്രത്യേക പരിഗണന നല്‍കും. ഒരുകോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗജന്യ സൗരോര്‍ജ വൈദ്യുതി ലഭ്യമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. 2047ഓടെ വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.