ന്യൂഡൽഹി : വിദ്യാഭ്യാസത്തിനും തൊഴിലിനും നൈപുണ്യത്തിനുമായി കേന്ദ്രം 1.48 ലക്ഷം കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തില്‍. വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യമേഖലയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്‌പകൾ നൽകും.
ഇത് പ്രതിവർഷം ഒരു ലക്ഷം വിദ്യാർഥികൾക്ക് നേരിട്ട് നൽകും, ഒപ്പം വായ്‌പ തുകയുടെ 3 ശതമാനം പലിശ ഇളവും ലഭിക്കും. ഇതിനുപുറമെ, നൈപുണ്യ വികസന മേഖലയ്ക്കായി നിരവധി സംരംഭങ്ങളുടെ രൂപരേഖയും ധനമന്ത്രി അവതരിപ്പിച്ചു. സംസ്ഥാന സർക്കാരുകളുമായും വ്യവസായങ്ങളുമായും സഹകരിച്ച് നൈപുണ്യത്തിനായി പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതി ആവിഷ്‌കരിക്കും.
ഏകദേശം 20 ലക്ഷം യുവാക്കൾ 5 വർഷ കാലയളവിൽ നൈപുണ്യമുള്ളവരാകും. മൊത്തം 1000 വ്യാവസായിക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകള്‍ (ഐടിഐ) നവീകരിക്കും, കോഴ്‌സ് ഉള്ളടക്കവും ഡിസൈനും വ്യവസായങ്ങളുടെ നൈപുണ്യ ആവശ്യങ്ങൾക്ക് അനുസൃതമായി ക്രമീകരിക്കും.
ഒരു കോടി യുവാക്കൾക്ക് സർക്കാർ ഇന്‍റേൺഷിപ്പ് നൽകുമെന്നും ധനമന്ത്രി അറിയിച്ചു. ഈ ഇന്‍റേണുകൾക്ക് സ്റ്റൈപ്പൻഡായി 5000 രൂപയും ഒറ്റത്തവണ സഹായമായി 6000 രൂപയും ലഭിക്കും. കമ്പനികൾ അവരുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് ചെലവ് വഹിക്കും.