കേരളം

kerala

ETV Bharat / bharat

ഫ്ലോര്‍ ടെസ്റ്റും സഭയും വിശ്വാസ വോട്ടും

ഫ്ലോര്‍ ടെസ്റ്റും ട്രസ്റ്റ് വോട്ടുമൊക്കെ സര്‍വസാധാരണായി കേള്‍ക്കുന്ന പദങ്ങളാണ്. എന്താണ് ഇവയുടെ പ്രായോഗിക അര്‍ഥം, മുന്‍ രാജ്യസഭാ സെക്രട്ടറി ജനറല്‍ വിവേക് കെ അഗ്നിഹോത്രി ഐ എ എസ് എഴുതുന്നു

trust vote  വിശ്വാസ വോട്ട്  സഭയിലെ ബലപരീക്ഷണം  floor test  trust vote and floor test
floor test and trust vote

By ETV Bharat Kerala Team

Published : Feb 13, 2024, 7:30 PM IST

ഈയിടെയായിഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വാക്കുകളിലൊന്നാണ് ഫ്ലോര്‍ടെസ്റ്റ്(trust vote and floor test ). ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും ഇന്ന് ഈ പദം സാര്‍വജനീനമായി ഉപയോഗിക്കപ്പെടുന്നു. ഫ്ലോര്‍ എന്നത് നിയമനിര്‍മാണ സഭാ തലവും ടെസ്റ്റ് എന്നത് വിശ്വാസ വോട്ടെടുപ്പുമാണെന്ന് ലളിതമായി പറയാം. എന്താണ് ഫ്ലോര്‍ ടെസ്റ്റ്. നമുക്ക് വിശദമായി പരിശോധിക്കാം.

അടുത്ത കാലത്ത് രണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് നാം ഫ്ലോര്‍ ടെസ്റ്റിനെക്കുറിച്ച് ഏറെ കേട്ടത്. ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി മാറിയതിനെത്തുടര്‍ന്ന് ജെ എം എം കോണ്‍ഗ്രസ് ആര്‍ ജെ ഡി മുന്നണി സര്‍ക്കാര്‍ നിയമസഭ മുമ്പാകെ വിശ്വാസ വോട്ട് തേടേണ്ടി വന്നു. ബീഹാറിലാകട്ടെ പുതിയ കൂട്ടാളികളുടെ പിന്തുണയില്‍ ഒരേ നേതാവ് തന്നെ മുഖ്യമന്ത്രിയായെത്തിയതോടെയും സഭയില്‍ ശക്തി പരീക്ഷണത്തിന് കളമൊരുങ്ങുകയായിരുന്നു.രണ്ടിടത്തും വിശ്വാസ വോട്ട് നേടി അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിമാര്‍ക്ക് സാധിച്ചു.

എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തതിനെത്തുടര്‍ന്നാണ് ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറെന്‍ ജനുവരി 31ന് തല്‍സ്ഥാനം രാജി വെച്ചത്. തുടര്‍ന്ന് ഭരണ മുന്നണി സഭാ കക്ഷി നേതാവായി ജെ എം എമ്മിലെത്തന്നെ ചംപായ് സോറനെ തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ കക്ഷി നേതാവിനെ തെരഞ്ഞെടുത്തതായി അറിയിക്കുന്ന കത്ത് നല്‍കിയ ഭരണ മുന്നണി നേതൃത്വം ചംപായ് സോറന് മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിക്കണമെന്നും ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. ചെറിയ ചില അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ ചംപായ് സോറനെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ഈ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 5 ന് ഝാര്‍ഖണ്ഡ് നിയമസഭയില്‍ ചംപായ് സോറെന്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ഗവര്‍ണറുടെ അഭിസംബോധനയോടെ തുടങ്ങിയ ഝാര്‍ഖണ്ഡ് നിയമസഭയുടെ പതിനാലാം സമ്മേളനത്തിലെ പ്രധാന അജണ്ടയായിരുന്നു വിശ്വാസ പ്രമേയ ചര്‍ച്ച. 29 നെതിരെ 47 വോട്ടുകള്‍ക്കാണ് വിശ്വാസപ്രമേയം പാസായത്.

ബീഹാറിലും സമാനമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ജെഡിയു ആര്‍ജെഡി സര്‍ക്കാരായിരുന്നു സംസ്ഥാനത്ത് ഭരണത്തിലുണ്ടായിരുന്നത്. ജനുവരി 28 ന് നിതീഷ് കുമാര്‍ മന്ത്രിസഭ രാജിസമര്‍പ്പിക്കുകയായിരുന്നു. തൊട്ടു പിറകേ നിതീഷ് കുമാര്‍ തന്നെ ബിജെപി പിന്തുണയില്‍ പുതിയ മുന്നണിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെടുകയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു. ബീഹാറില്‍ പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു. അവിടെ സര്‍ക്കാര്‍ വിശ്വാസവോട്ട തേടുന്നതിനു മുമ്പ് സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം കൂടി സഭയ്ക്ക് മുമ്പാകെ വന്നു. സര്‍ക്കാര്‍ മാറിയിട്ടും രാജി വെക്കാന്‍ കൂട്ടാക്കാതിരുന്ന സ്പീക്കര്‍ക്കെതിരെ ബിജെപിയിലെ നന്ദകിഷോര്‍ യാദവാണ് അവിശ്വാസ പ്രമേയം കൊണ്ടു വന്നത്.

പക്ഷേ ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടം 179 സി പ്രകാരം സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് ചുരുങ്ങിയത് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് പാലിക്കുന്നതിനായി ബീഹാറില്‍ നിയമസഭാ സമ്മേളനം ഫെബ്രുവരി 12 ലേക്ക് മാറ്റി വെക്കുകയായിരുന്നു. ബീഹാറില്‍ നിതീഷ് കുമാര്‍ മുന്നണി മാറി ആര്‍ജെഡിക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാക്കിയ 2022 ഓഗസ്റ്റിലും സമാന രീതിയില്‍ സ്പീക്കര്‍ സ്ഥാനമൊഴിയാന്‍ വിസമ്മതിച്ചിരുന്നു. ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ബിജെപി നേതാവ് വിജയ് കുമാര്‍ സിന്‍ഹ ആയിരുന്നു അന്നത്തെ സ്പീക്കര്‍. എന്നാല്‍ അന്ന് അവിശ്വാസത്തില്‍ വോട്ടെടുപ്പ് ഒഴിവാക്കാന്‍ വിജയ് കുമാര്‍ സിന്‍ഹ ഒടുവില്‍ രാജി വെക്കുകയായിരുന്നു. ഏത് സാഹചര്യത്തിലായാലും സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടാല്‍ ആ പ്രമേയം ചര്‍ച്ച ചെയ്യുന്ന വേളയില്‍ പ്രസ്തുത സ്പീക്കര്‍ സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ പാടില്ലെന്ന് ഭരണ ഘടനയുടെ ചട്ടം 181 (1) വ്യക്തമാക്കുന്നു.

വര്‍ഷാദ്യമായതുകൊണ്ടു തന്നെ പതിവനുസരിച്ച് ബീഹാര്‍ നിയമസഭയിലും ഗവര്‍ണറുടെ അഭിസംബോധനയോടെയാണ് സംയുക്ത സമ്മേളനം തുടങ്ങിയത്. പിന്നീട് സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ നിയമസഭ പ്രത്യേകം സമ്മേളിച്ചു. സ്പീക്കര്‍ അവധ് ബിഹാറി ചൗധരിക്കെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുമ്പോള്‍ സഭ നിയന്ത്രിച്ചത് ഡെപ്യൂട്ടി സ്പീക്കര്‍ മഹേശ്വര്‍ ഹസാരിയായിരുന്നു. 125 എം എല്‍ എമാരുടെ പിന്തുണയോടെ സ്പീക്കറെ സ്ഥാനത്തു നിന്ന് നീക്കുന്ന പ്രമേയം പാസായി എതിര്‍ത്ത വോട്ട് ചെയ്തത് 112 എം എല്‍ എമാരായിരുന്നു. പുതിയ എന്‍ ഡി എ സര്‍ക്കാരിന് വിശ്വാസ വോട്ട തേടിക്കൊണ്ടുള്ള പ്രമേയം തൊട്ടു പിറകേ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് പ്രമേയം എതിരില്ലാതെ ശബ്ദ വോട്ടോടെ അംഗീകരിക്കുകയായിരുന്നു. 129 എം എല്‍എമാരാണ് വിശ്വാസ പ്രമേയത്തെ പിന്തുണച്ചത്.

മുമ്പ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും നേതാവിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നതിന് മുമ്പ് അവര്‍ക്ക് ഭൂരിപക്ഷമുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ ഗവര്‍ണര്‍മാര്‍ പല ഉപായങ്ങളും സ്വീകരിക്കാറുണ്ട്. ചിലപ്പോഴൊക്കെ കക്ഷി നേതാവ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം തനിക്കുണ്ടെന്ന് ഗവര്‍ണരെ ബോധ്യപ്പെടുത്താന്‍ പിന്തുണക്കുന്നവര്‍ ഒപ്പിട്ട കത്ത് ഹാജരാക്കുന്ന പതിവുണ്ട്. മറ്റു ചില ഘട്ടങ്ങളില്‍ പിന്തുണക്കുന്ന എം എല്‍ എമാരോട് രാജ്ഭവനില്‍ നേരിട്ട് ഹാജരാകാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടാറുണ്ട്. പക്ഷേ ഇതൊക്കെ ചിലപ്പോള്‍ പാളിപ്പോകുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇങ്ങിനെ എം എല്‍ എ മാരുടെ തലയെണ്ണിയും പിന്തുണക്കത്ത് ഹാജരാക്കിയുമൊക്കെ അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ അവിശ്വാസ പ്രമേയം വരുമ്പോള്‍ നിലം പൊത്തുന്ന കാഴ്ച നാം കണ്ടതാണ്. പിന്നീട് പല സംസ്ഥാനങ്ങളിലും വീണ്ടും ഒന്നു തൊട്ട് ഗവര്‍ണര്‍ക്കു മുന്നില്‍ എം എല്‍ എമാരെ അണി നിരത്തല്‍ വരെയുള്ള ഘട്ടങ്ങള്‍ ആവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്.

വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നമ്മുടെ നിയമനിര്‍മാണ സഭകള്‍ പിന്തുടരുന്ന പൊതു തത്വം എന്താണ് നടപടി ക്രമങ്ങള്‍ എന്താണെന്ന് പരിശോധിക്കാം. 1994 ലെ എസ് ആര്‍ ബൊമ്മൈ യും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസിനെ ആധാരമാക്കിയാണ് വിശ്വാസ വോട്ടെടുപ്പുകളുടെ പിറവി. 1988 ഓഗസ്ത് 13 മുതല്‍ 1989 ഏപ്രില്‍ 21 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു എസ് ആര്‍ ബൊമ്മൈ. 1989 ഏപ്രില്‍ 21 ന് ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി ബൊമ്മൈ സര്‍ക്കാരിനെ പിരിച്ചു വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് നടന്ന വന്‍തോതിലുള്ള കൂറുമാറ്റങ്ങള്‍ക്കൊടുവില്‍ ബൊമ്മൈ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന കാരണം പറഞ്ഞായിരുന്നു നടപടി.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നല്‍കണമെന്ന് എസ് ആര്‍ ബൊമ്മൈ ആവശ്യപ്പെട്ടെങ്കിലും കര്‍ണാടക ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. സമാനമായ രീതിയില്‍ നാഗാലാന്‍ഡ്, മേഘാലയ, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് സംസ്ഥാന നിയമസഭകളേയും പിരിച്ചു വിട്ടിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് ബൊമ്മൈ കോസില്‍ സുപ്രധാനമായ വിധി പ്രസ്താവിച്ചു. സര്‍ക്കാരുകളുടെ ഭൂരിപക്ഷം തെളിയിക്കാനുള്ള വേദി അതത് നിയസഭകളാണെന്നും ഗവര്‍ണര്‍മാരുടെ അഭിപ്രായത്തിനല്ല ഇതില്‍ സ്ഥാനമെന്നുമുള്ള നിര്‍ണായക വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.സഭയില്‍ നടത്തുന്ന ശക്തി പരീക്ഷണം എന്ന അര്‍ത്ഥത്തില്‍ അന്നുമുതല്‍ ഫ്ലോര്‍ ടെസ്റ്റ് എന്ന പ്രയോഗവും പ്രചാരത്തിലായി.

ABOUT THE AUTHOR

...view details