ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാക്കള്‍ നാളെ നടക്കുന്ന മുന്നണിയുടെ സഖ്യ റാലിയില്‍ അണിനിരക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ഭഗവന്ത് മാന്‍, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ നേതാക്കള്‍ നാളെ രാം ലീല മൈതാനിയില്‍ നടക്കുന്ന ഇന്ത്യാ മഹാസഖ്യ റാലിയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റിന്‍റെ പശ്ചാത്തലത്തില്‍ സഖ്യത്തിന്‍റെ ശക്തിപ്രകടനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജനാധിപത്യ സംരക്ഷണ റാലിയെന്ന് പേരിട്ടിരിക്കുന്ന റാലിയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്‌ദുള്ള പങ്കെടുക്കുമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ ഒമര്‍ അബ്‌ദുള്ള അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാളും റാലിയില്‍ സംബന്ധിക്കുമെന്ന് ആം ആദ്‌മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. എഎപിയുടെ മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ് രാം ലീല മൈതാനം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും റാലിയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാണ മാര്‍ഗിനുള്ള ബിജെപി സര്‍ക്കാരിന്‍റെ കാലം കഴിഞ്ഞു എന്ന ശക്തമായ സന്ദേശമാകും റാലിയെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ റാലിയെ അഭിസംബോധന ചെയ്യുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് അറിയിച്ചു.
ഇതൊരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള റാലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് കൊണ്ടാണ് ഇതിന് ജനാധിപത്യ സംരക്ഷണ റാലിയെന്ന് പേരിട്ടത്. 28 ഓളം രാഷ്‌ട്രീയ കക്ഷികള്‍ ഇതില്‍ പങ്കെടുക്കും. ഇന്ത്യാ സഖ്യത്തിലെ എല്ലാ കക്ഷികളും റാലിയില്‍ അണിനിരക്കും.
രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള അവസാന അവസരമാണ് ഇത്. ബിജെപിയുടെ ഏകാധിപത്യത്തിനെതിരെ എല്ലാ പ്രതിപക്ഷ കക്ഷിനേതാക്കളും ഒന്നിച്ച് അണിനിരന്ന് ശബ്‌ദമുയര്‍ത്തേണ്ട വേളയാണിത്. രാജ്യത്തെ ജനത ഇപ്പോള്‍ നിങ്ങളുടെ ശബ്‌ദം ഉയര്‍ത്തിയില്ലെങ്കില്‍ പിന്നീട് നിങ്ങളുടെ ശബ്‌ദം ഉയര്‍ത്താന്‍ ആരും ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കവിത സോറന്‍ കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാളിനെ സന്ദര്‍ശിച്ചു. സുനിതയുടെ ദുഃഖവും വേദനയും പങ്ക് വയ്ക്കാനാണ് താന്‍ എത്തിയതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ പോരാട്ടം ഏറെ മുന്നോട്ട് കൊണ്ടുപോകണമെന്ന് തങ്ങള്‍ ഇരുവരും തീരുമാനിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡിലെയും ഡല്‍ഹിയിലെയും സ്ഥിതി സമാനമാണ്. രണ്ട് മാസം മുമ്പ് ഝാര്‍ഖണ്ഡില്‍ സംഭവിച്ചത് അതുപോലെ പുനഃസൃഷ്‌ടിച്ചിരിക്കുകയാണ് ഡല്‍ഹിയിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇരുപതിനായിരത്തിലേറെ പേര്‍ നാളത്തെ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇതിന് എഎപി നേരത്തെ തന്നെ അധികൃതരില്‍ നിന്ന് അനുമതി നേടി എന്നും എഎപി പഞ്ചാബ് ഘടകം അധ്യക്ഷന്‍ ബുദ്ധ് റാം പറഞ്ഞു. റാലിയോട് അനുബന്ധിച്ച് വലിയ തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. എല്ലാ കവാടങ്ങളിലും പരിശോധനയുണ്ടാകും. വേദിക്ക് സമീപത്ത് അര്‍ദ്ധ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
ഉപാധികളോടെയാണ് റാലിക്ക് അനുമതി നല്‍കിയിട്ടുള്ളത്. മാര്‍ച്ചിന് അനുമതിയില്ല. ട്രാക്‌ടറുകളോ ട്രോളികളോ പാടില്ല. ആയുധങ്ങളും പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുതിര്‍ന് പൊലീസ് ഓഫീസര്‍ വ്യക്തമാക്കി. റാലിക്ക് അനുമതിയുണ്ടെങ്കിലും രാഷ്‌ട്രീയ കക്ഷികളുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ഡിഡിയു മാര്‍ഗില്‍ നിരോധനാഞ്ജ നിലനില്‍ക്കുകയാണ്.
ബാരക്കാംബ റോഡ് മുതല്‍ ഗുരുനാനാക്ക് ചൗക്ക് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവേകാനന്ദ് മാര്‍ഗ് മുതല്‍ മിന്‍റോ റോഡ് വരെയും കമല മാര്‍ക്കറ്റിലെ റൗണ്ട് വരെയും നിയന്ത്രണമുണ്ട്. ഹമദ് ചൗക്ക്, ജെഎല്‍എന്‍ മാര്‍ഗ് മുതല്‍ ഡല്‍ഹി ഗേറ്റ് വരെയും ഗുരുനാനാക് ചൗക്കിലും അജ്മേരി ഗേറ്റിലും ചമന്‍ലാല്‍ മാര്‍ഗിലെ വിഐപി ഗേറ്റിലും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് മൂന്ന് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read:രാജ്യം ഭരിക്കുന്നത് സർക്കാരല്ല ഒരു ക്രിമിനൽ സംഘം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി - Rahul Gandhi Against Central Gov
രാജ്ഘട്ട് ചൗക്ക്, മിന്‍റോ റോഡ്, ഡിഡിയു മാര്‍ഗ്, മിര്‍ദാര്‍ഡ് ചൗക്ക് , പഹര്‍ഗഞ്ച് ചൗക്ക്, എ പോയിന്‍റ് , ഡല്‍ഹി ഗേറ്റ് തുടങ്ങിയിടങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ ഗതാഗതം വഴി തിരിച്ച് വിടും. ആവശ്യാനുസരണം നിയന്ത്രണങ്ങളില്‍ ഇളവും കടുപ്പിക്കലും ഉണ്ടാകും. തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.