കാണ്‍പൂര്‍ : തണുപ്പകറ്റാന്‍ കത്തിച്ച മണ്ണടുപ്പില്‍ നിന്നുള്ള വിഷപ്പുകയേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലുള്ള ജുഹി മേഖലയിലാണ് സംഭവം. ഉത്തരേന്ത്യയില്‍ തണുപ്പ് കനത്തതോടെ ഇത്തരം സംഭവങ്ങള്‍ നിത്യവും പുറത്തുവരുന്നുണ്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം (Death after inhaling smoke).
അടച്ചിട്ട മുറിയില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മൂവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴും അടുപ്പില്‍ തീ കത്തുന്നുണ്ടായിരുന്നുവെന്ന് സൗത്ത് കാണ്‍പൂര്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രവീന്ദ്രകുമാര്‍ പറഞ്ഞു (Three in one family died). കൊടും തണുപ്പിനെ അതിജീവിക്കാനായി തീ കത്തിച്ച ശേഷം ഇവര്‍ ഉറങ്ങാന്‍ കിടന്നതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.