ഹൈദരാബാദ് : രാജ്യം സാങ്കേതികതമായും സാമ്പത്തികമായും ഒരു ഭാഗത്ത് പുരോഗതി പ്രാപിക്കുമ്പോള്‍, വന്യജീവികളുമായി നിരന്തരം ഏറ്റുമുട്ടി ജീവന്‍ നഷ്‌ടമാകുന്ന മനുഷ്യരുടെ കഥയാണ് രാജസ്ഥാൻ, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ മനുഷ്യര്‍ക്ക് പറയാനുള്ളത്. കടുവ, ആന, പുള്ളിപ്പുലി എന്നിവയുടെ ആക്രമണത്തില്‍ ജീവൻ നഷ്‌ടമയവരുടെ ദുരവസ്ഥ ഈ പ്രദേശങ്ങള്‍ തുറന്നുകാട്ടുന്നു. നയപരമായ മാറ്റത്തിന്‍റെ ആവശ്യകതയും വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണ കേസുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
കടുവ, പുലി,ആന എന്നിവയാണ് മനുഷ്യ ജീവനെടുക്കുന്നതില്‍ പ്രധാനികള്‍. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ ദ്വീപുകളും 500-ലധികം ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രവുമായ പശ്ചിമ ബംഗാളിലെ സുന്ദർബൻസില്‍ പ്രതിവർഷം 50 മുതൽ 100 ആളുകള്‍ വരെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു എന്നാണ് കണക്ക്. ആനയുടെ ആക്രമണത്തില്‍ പ്രതിവർഷം 400 പേരാണ് ഇന്ത്യയിൽ മരിക്കുന്നത്. വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നവര്‍ പലപ്പോഴും സാമൂഹികമായും സാമ്പത്തികമായും ദുര്‍ബലരായ വിഭാഗങ്ങളിൽ പെട്ടവരാണെന്ന് ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു.
മറ്റെല്ലാ വന്യജീവികളേക്കാളും പുള്ളിപ്പുലികളാണ് ഇന്ത്യയിൽ മനുഷ്യരെ കൊല്ലുന്നത് എന്നാണ് കണക്കുകൾ പറയുന്നത്. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളിലാണ് പുള്ളിപ്പുലികളുടെ ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നരഭോജികളായ പുള്ളിപ്പുലികൾക്ക് പേരുകേട്ട ഉത്തരാഖണ്ഡിലെ കോർബറ്റ് ദേശീയോദ്യാനത്തില്‍ നിരവധി ആക്രമണം നടന്നിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ 219 മരണങ്ങളാണ് ഉത്തരാഖണ്ഡിൽ നിന്ന് റിപ്പോർട്ട് ചെയ്‌തത്. 1003 പേര്‍ക്കാണ് ഇതേ കാലയളവില്‍ പരിക്കേറ്റത്. 2021-ൽ ഉത്തരാഖണ്ഡിൽ 71 മരണങ്ങളുണ്ടായി. 2023 ല്‍ 66 മരണങ്ങൾ ഉണ്ടായപ്പോള്‍ അടുത്ത വർഷം മരണ സംഖ്യ 82 ആയി ഉയർന്നു. 2021-ൽ 23 മരണങ്ങളാണ് ഉത്തരാഖണ്ഡിൽ റിപ്പോര്‍ട്ട് ചെയ്‌തത്. 2022-ലും 2023-ലും 22 ഉം 18 ഉം മരണങ്ങൾ ഉണ്ടായി.
2021-ൽ ആനയുടെ ആക്രമണം മൂലം ഉത്തരാഖണ്ഡിൽ 13 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 2022-ൽ 9 പേർ കൊല്ലപ്പെട്ടു. 2023ല്‍ അഞ്ച് ജീവനുകൾ കൂടി നഷ്‌ടപ്പെട്ടു. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 2021ൽ 23 മരണങ്ങളാണ് ഉത്തരാഖണ്ഡിൽ ഉണ്ടായത്. അടുത്ത രണ്ട് വർഷങ്ങളിൽ 22 ഉം 18 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് ഈ കാലയളവിൽ കടുവകളുടെ ആക്രമണത്തിലുള്ള മരണസംഖ്യ കുറവായിരുന്നു. എങ്കിലും 2021ലെ 2 മരണങ്ങളില്‍ നിന്ന് 2023 ൽ മരണം 17 ആയി. ഏകദേശം പത്തിരട്ടിയുടെ വർധനവ്. 2022 ൽ സംസ്ഥാനം കടുവ ആക്രമണത്തിൽ 16 മരണങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.