ന്യൂഡല്‍ഹി: എല്‍എംവി ലൈസൻസ് ഉള്ളവര്‍ക്ക് എത്ര ഭാരം വരെയുള്ള വാഹനങ്ങള്‍ ഓടിക്കാൻ സാധിക്കുമെന്നതില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. ലൈറ്റ് മോട്ടോർ വെഹിക്കിളിന്‍റെ (എൽഎംവി) ഡ്രൈവിങ് ലൈസൻസ് കൈവശമുള്ള ഒരാൾക്ക് 7,500 കിലോഗ്രാമിൽ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പി എസ് നരസിംഹ, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇന്ന് വിധി പ്രസ്‌താവിച്ചത്. എൽഎംവി ലൈസൻസുള്ളവർ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതി വിധി.
ഇത്തരം കേസുകളിൽ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ ചോദ്യം ചെയ്‌തുള്ള ഹര്‍ജി പരിഗണിക്കവെയാണ് എല്‍എംവി ലൈസൻസ് ഉള്ളവര്‍ 7,500 കിലോഗ്രാമിൽ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ സാധിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റോഡപകടങ്ങൾ വർധിക്കാൻ എൽഎംവി ലൈസൻസ് ഉടമകളാണ് കാരണമെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകളില്ലെന്ന് ഏകകണ്‌ഠമായ വിധി പുറപ്പെടുവിച്ച ജസ്‌റ്റിസ് ഹൃഷികേശ് റോയ് പറഞ്ഞു. എൽഎംവി ഡ്രൈവിങ് ലൈസൻസുള്ള ഡ്രൈവർമാര്‍ക്ക് 7,500 കിലോഗ്രാമിൽ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനം ഓടിക്കാമെന്നും അവരുടെ ഉപജീവന മാര്‍ഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.