ഡൽഹി: പെൺകുട്ടിയെ ശല്യം ചെയ്‌ത കേസില്‍ കീഴ്‌ക്കോടതി രണ്ടര വർഷം തടവിന് ശിക്ഷിക്കുകയും, ഹൈക്കോടതി അത് ചുരുക്കി 3 മാസമാക്കുകയും ചെയ്‌ത പ്രതിയെ വെറുതെവിട്ട് സുപ്രീം കോടതി. പ്രതിയായ യുവാവ് പരാതിക്കാരിയായ യുവതിയെ വിവാഹം ചെയ്‌തത് കണക്കിലെടുത്താണ് കോടതിയുടെ നടപടി.
തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശി ദാസരി ശ്രീകാന്തിനെയാണ് കോടതി വെറുതെവിട്ടത്. ശ്രീകാന്തിനെ ജയിലിലേക്ക് അയക്കുന്നത് ദാമ്പത്യജീവിതം അപകടത്തിലാക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാരണത്താൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം വിനിയോഗിച്ച് ഹൈക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.
ജസ്‌റ്റിസ് ബിആർ ഗവായ്, ജസ്‌റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് എല്ലാ കുറ്റങ്ങളിൽനിന്നും പ്രതിയെ വെറുതെവിട്ടുകൊണ്ട് വിധി പ്രസ്‌താവിച്ചത്.
2017 ജൂലായ് ഒന്നിനാണ് ദാസരി ശ്രീകാന്തിനെതിരെ ഒരു പെൺകുട്ടി തന്നെ പ്രണയിക്കാൻ നിർബന്ധിച്ചുവെന്ന പേരില്‍ കേസ് കൊടുത്തത്. ആ കേസ് പരിഗണിച്ച രണ്ടാം അഡീഷണൽ സെഷൻസ് കോടതി 2021 ഏപ്രിൽ ഒന്‍പതിന് പ്രതിക്ക് ഐപിസി ആക്‌ട് 354-ഡി പ്രകാരം രണ്ട് വർഷം തടവും 1000 രൂപ പിഴയും സെക്ഷൻ 506 പ്രകാരം ആറ് മാസം തടവും 500 രൂപ പിഴയും വിധിച്ചു.
വിധിയെ ചോദ്യം ചെയ്‌ത് പ്രതി ഹൈക്കോടതിയെ സമീപിച്ചു. പ്രായപൂർത്തിയായിട്ടില്ലെന്നും ഇരയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും കാണിച്ച് ശിക്ഷ കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ വാദങ്ങൾ പരിഗണിച്ച്, 2023 ജൂൺ 27-ന് ഹൈക്കോടതി ശിക്ഷ മൂന്ന് മാസമായി കുറച്ചു.
ഈ വിധിയും ചോദ്യം ചെയ്‌ത് പ്രതി സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി വാദം കേൾക്കുകയും കീഴ്‌ക്കോടതികള്‍ പുറപ്പെടുവിച്ച രണ്ട് വിധികളും റദ്ദാക്കുകയും ചെയ്‌തു. ഈ കേസിലെ വാദിയും പ്രതിയും 2023 ആഗസ്‌റ്റ് 16 ന് ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയും സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്‌റ്റർ ചെയ്യുകയും ചെയ്‌ത സാഹചര്യം പരിഗണിച്ചായിരുന്നു വിധി.
Also Read: നമ്പി രാജേഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു : എയര്‍ ഇന്ത്യ ഓഫിസിന് മുമ്പില്‍ കുത്തിയിരിപ്പ് പ്രതിഷേധവുമായി ബന്ധുക്കള്‍