കൊൽക്കത്ത : പൗരത്വ ഭേദഗതി നിയമം വരുന്നതോടെ തന്‍റെ പൗരത്വം നഷ്‌ടപ്പെടുമെന്ന് ഭയന്ന് യുവാവ് ആത്‌മഹത്യ ചെയ്‌തു. കൊൽക്കത്തയിലെ നേതാജി നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ദേബാഷിസ് സെൻഗുപ്‌ത (31) എന്ന യുവാവാണ് ആത്‌മഹത്യ ചെയ്‌തത്. ബുധനാഴ്‌ചയാണ് ദേബാഷിസ് സെൻഗുപ്‌തയെ മരിച്ച നിലയിൽ കണ്ടതെന്ന് കൊൽക്കത്ത പൊലീസ് ജോയിന്‍റ് കമ്മിഷണർ മിറാസ് ഖാൻ പറഞ്ഞു.
മാർച്ച് 19 സൗത്ത് 24 പർഗാനാസിലെ സുഭാഷ് ഗ്രാമിലുള്ള അമ്മാവന്‍റെ വീട്ടിലേക്ക് പോയ ദേബാഷിസ് സെൻഗുപ്‌തയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് മിറാസ് ഖാന്‍ പറഞ്ഞു. നേതാജി നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ആളായതിനാൽ ലോക്കൽ പൊലീസ് സ്‌റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൗരത്വ ഭേദഗതി നടപ്പിലാക്കുന്നതിൽ ദേബാഷിസ് ആശങ്കാകുലനായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു.
പിതാവിന്‍റെ മൈഗ്രേഷൻ പേപ്പറുകൾ ഇല്ലാത്തതിനാൽ പൗരത്വം നഷ്‌ടപ്പെടുമെന്ന ഭയത്തിലായിരുന്നു എന്നും നാട്ടിൽ നിന്ന് പുറത്താക്കുമോ എന്ന ഭയത്തിലായിരുന്നു ഇത്രയും ദിവസം അദ്ദേഹം കഴിഞ്ഞതെന്നും വീട്ടുകാർ പറഞ്ഞു. സാധുതയുള്ള ആധാർ കാർഡ് ഉണ്ടെങ്കിലും ദേബാഷിസിന്‍റെ പക്കൽ ചില രേഖകൾ ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്.