ഛത്തീസ്‌ഗഢ് :കൊസ്രോണ്ട ഗ്രാമത്തിലെ എസ്എസ്ബി (സശാസ്‌ത്ര സീമ ബാൽ) ക്യാമ്പിൽ കോൺസ്‌റ്റബിളിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. മീററ്റ് സ്വദേശി രാകേഷ് കുമാറാണ് മരിച്ചത്. എസ്എസ്‌ബി ക്യാമ്പിൽ ഇന്നലെ (സെപ്‌റ്റംബർ 3) ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.
"കോൺസ്‌റ്റബിൾ രാകേഷ് കുമാർ ക്യാമ്പിൽ വച്ച് തന്‍റെ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവയ്‌ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അദ്ദേഹം മരിച്ചു," എന്നും എഎസ്‌പി ജയ്പ്രകാശ് ബർഹായ് വ്യക്തമാക്കി. അതേസമയം ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും രാകേഷ് കുമാറിന്‍റെ ആത്മഹത്യയിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. രാകേഷ് കുമാറിന്‍റെ ആത്മഹത്യയ്‌ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തുമെന്നും ജയ്പ്രകാശ് ബർഹായ് കൂട്ടിച്ചേർത്തു.
മാവോയിസ്‌റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്കായി അതിർത്തിയിൽ കാവൽ സേനയെ വിന്യസിച്ചിരിക്കുന്ന സംസ്ഥാനത്ത് കഴിഞ്ഞ എട്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഓഗസ്‌റ്റ് 27ന് ദുർഗ് ജില്ലയിലെ എസ്എസ്ബി ക്യാമ്പിലും ഒരു കോൺസ്‌റ്റബിൾ ആത്മഹത്യ ചെയ്‌തിരുന്നു.