ന്യൂഡൽഹി: യമുനയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്തിന് സമീപമുള്ള ഗീതാ കോളനിയിലെ പഴയ ശിവക്ഷേത്രം പൊളിക്കുന്നത് തടയാന്‍ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് ക്ഷേത്രം പൊളിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ പ്രാചീന ശിവ് മന്ദിർ അവാം അഖാഡ സമിതിയാണ് ഹര്‍ജി നല്‍കിയത്.
ജസ്‌റ്റിസുമാരായ സഞ്ജയ് കുമാർ, അഗസ്‌റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വാദത്തിനിടെ പൊളിക്കല്‍ ശരിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവിൽ അപാകതയൊന്നും ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രാചീന ക്ഷേത്രമാണെന്ന വാദത്തെയും കോടതി ചോദ്യം ചെയ്‌തു. പുരാതന ക്ഷേത്രങ്ങൾ നിർമ്മിച്ചത് പാറകൾ കൊണ്ടാണ്, അല്ലാതെ സിമന്‍റും പെയിന്‍റും ഉപയോഗിച്ചല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.