കേരളം

kerala

ETV Bharat / bharat

ഇലക്‌ടറൽ ബോണ്ട് വിവാദം; സമയം നീട്ടിനല്‍കണമെന്ന എസ്ബിഐയുടെ അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും - Electoral bond

മാര്‍ച്ച് 5 ന് ഉള്ളില്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന കോടതി ഉത്തരവ് ലംഘിച്ച എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന പ്രത്യേക ഹര്‍ജിയും നാളെ പരിഗണിക്കും.

Electoral bond  SBI  Supreme court of India  ഇലക്‌ടറൽ ബോണ്ട്
SC to hear on Monday SBI's plea seeking extension to disclose details of Electoral bonds

By ETV Bharat Kerala Team

Published : Mar 10, 2024, 3:41 PM IST

ന്യൂഡൽഹി : ഇലക്‌ടറൽ ബോണ്ട് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ അപേക്ഷ സുപ്രീം കോടതി നാളെ (11-03-2024) പരിഗണിക്കും. (Supreme Court will hear the application of SBI seeking extension till June 30 to disclose details of electoral bond scheme). രാഷ്‌ട്രീയ പാർട്ടികൾക്ക് ഇലക്‌ടറല്‍ ബോണ്ട് വഴി നൽകിയ സംഭാവനകളുടെ വിശദാംശങ്ങൾ മാര്‍ച്ച് 6 ന് ഉള്ളില്‍ ഇലക്ഷന്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കാനായിരുന്നു കോടതി ഉത്തരവ്.

സുപ്രീം കോടതി നിർദ്ദേശം മനഃപൂർവം ലംഘിച്ചുവെന്ന് കാട്ടി എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പ്രത്യേക അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവര്‍ ചേര്‍ന്നാണ് രാവിലെ 10.30 ന് ഹർജികള്‍ കേൾക്കുക.

ഫെബ്രുവരി 15-ന് ആണ് അജ്ഞാത രാഷ്‌ട്രീയ ധനസഹായം അനുവദിക്കുന്ന കേന്ദ്രത്തിന്‍റെ ഇലക്‌ടറൽ ബോണ്ട് പദ്ധതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്. പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. 2019 ഏപ്രിൽ 12 മുതൽ നാളിതുവരെ സ്വീകരിച്ച ഇലക്‌ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ മാർച്ച് 6-നകം സമർപ്പിക്കാനും മാർച്ച് 13-നകം ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ വിവര ശേഖരണത്തിന്‍റെ സാങ്കേതികത ചൂണ്ടിക്കാട്ടി, വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ജൂൺ 30 വരെ സമയം നീട്ടിത്തരണമെന്ന് എസ്ബിഐ സുപ്രീം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കുന്നവരുടെ ഐഡന്‍റിറ്റി രഹസ്യമായി സൂക്ഷിക്കാന്‍ സ്വീകരിച്ച കർശന നടപടികൾ മൂലം വിശദാംശങ്ങള്‍ ഡീക്കോഡ് ചെയ്‌ത് എടുക്കുന്നത് സങ്കീർണ്ണമായ പ്രക്രിയാണ് എന്നാണ് എസ്ബിഐയുടെ വാദം.

പണം നല്‍കിയവരുടെ വിശദാംശങ്ങൾ അതത് ശാഖകളിൽ സീൽ ചെയ്‌ത കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നും സീൽ ചെയ്‌ത മുഴുവന്‍ കവറുകളും മുംബൈയിലെ ബാങ്കിന്‍റെ പ്രധാന ശാഖയിൽ എത്തിച്ചതായും എസ്ബിഐ കോടതിയില്‍ അറിയിച്ചു.

പിന്നീട്, സുപ്രീം കോടതി നിർദ്ദേശങ്ങൾ അനുസരിക്കാത്തതിനാല്‍ എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആൻഡ് കോമൺ കോസ് പ്രത്യേക ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചു. സംഭാവന നല്‍കിയ തുകയും നല്‍കിയവരുടെ വിശദാംശങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൊതുജനങ്ങൾക്ക് മുമ്പിലെത്താതിരിക്കാനാണ് എസ്‌ബിഐ സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെടുന്നതെന്ന് സംഘടന ഹര്‍ജിയില്‍ പറയുന്നു.

എസ്ബിഐയുടെ അപേക്ഷ ദുരുദ്ദേശപരമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇലക്‌ടറൽ ബോണ്ട് പദ്ധതിയുടെ 7-ാം വകുപ്പ് പ്രകാരം, പണം വാങ്ങുന്നയാളുടെ വിവരങ്ങൾ കോടതി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ വെളിപ്പെടുത്തണം. പദ്ധതിയുടെ ക്ലോസ് 12 (4) പ്രകാരം, ഇലക്‌ടറൽ ബോണ്ടുകൾ പതിനഞ്ച് ദിവസത്തിനുള്ളിൽ എൻക്യാഷ് ചെയ്യണം. അല്ലാത്ത പക്ഷം ബോണ്ടുകളുടെ തുക ബാങ്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കണം. അതുകൊണ്ട് തന്നെ എസ്‌ബിഐ ഡാറ്റാ ബേസിൽ റെക്കോർഡ് ചെയ്‌ത വിവരങ്ങളില്ല എന്നത് വിശ്വാസ യോഗ്യമല്ലെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

ബോണ്ടുകൾ വാങ്ങുന്ന ദാതാക്കളുടെയും അവർ സംഭാവന നൽകുന്ന രാഷ്‌ട്രീയ പാർട്ടികളുടെയും രഹസ്യ റെക്കോർഡ് എസ്ബിഐ സൂക്ഷിക്കുന്നുണ്ട് എന്നും ഹര്‍ജിയില്‍ പറയുന്നു. ഇലക്‌ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത് വോട്ടർമാർക്ക് അവരുടെ തീരുമാനങ്ങള്‍ പരിശോധിക്കന്‍ അവസരം നൽകുമെന്നും ഹര്‍ജിയില്‍ പറയുന്നു.

Also Read :ഡൽഹിയിൽ 24 കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്

ABOUT THE AUTHOR

...view details