തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി, സർക്കാർ സ്വയം രൂപീകരിക്കാമെന്ന ഉത്തരവിനെ എതിര്‍ത്ത് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ. ഉത്തരവ് ഇറക്കിയത് പുതിയ നിയമക്കുരുക്കിലൂടെ വിസി നിയമനം നീട്ടാനാണ് എന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ആരോപിച്ചു.
ഗവർണറുടെ കാലാവധി കഴിയുന്നത് വരെ നിയമന കാലാവധി നീട്ടുന്നതിനാണ് ഉത്തരവ് ഇറക്കിയതെന്നും സംഘടന പറഞ്ഞു. സർവകലാശാല വിസി മാരെ നിയമിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് സർക്കാരിന്‍റെ ഉത്തരവ്.
കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ, ചാൻസലറുടെ അധികാരത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. മുൻപ്, മലയാളം സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ നോമിനിയെ നൽകാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും രാജ്ഭവൻ ആവശ്യം നിരസിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ പ്രതിനിധിയെയും സർക്കാരിന്‍റെ രണ്ട് പ്രതിനിധികളെയും ഉൾപ്പെടുത്തുമെന്ന നിയമസഭ പാസാക്കിയ, രാഷ്‌ട്രപതി അംഗീകാരം തടഞ്ഞ് വച്ചിട്ടുള്ള ബില്ലിലെ വ്യവസ്ഥകളനുസരിച്ചാണ് സർക്കാർ ഇപ്പോൾ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. സംസ്ഥാനത്തെ സർവകലാശാലകളുടെ വിസി മാരുടെ ഒഴിവുകൾ നികത്താൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മേരി ജോർജ് ഫയൽ ചെയ്‌ത ഹർജിയാണ് നാളെ കോടതി പരിഗണിക്കുന്നത്.
Also Read:ഗവർണറുടെ ആവശ്യം തള്ളി എംജി സെനറ്റ് ; സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കില്ലെന്ന് തീരുമാനം