ന്യൂഡൽഹി : പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നടത്തിയ ഉഭയ കക്ഷി ചര്‍ച്ചയില്‍ ഇന്ത്യ പാകിസ്ഥാന്‍ തര്‍ക്ക പരിഹാരവും വിഷയമായതായി റിപ്പോര്‍ട്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ദീർഘകാല സംഘർഷം പരിഹരിക്കേണ്ടതിന്‍റെ ആവശ്യകത കൂടിക്കാഴ്‌ചയില്‍ ചർച്ചയായി.
ജമ്മു-കാശ്‌മീരിലുള്ള തർക്കം ഉള്‍പ്പടെ ഇരുരാജ്യങ്ങള്‍ക്കിടയിലും നിലനിൽക്കുന്ന പ്രശ്‌നങ്ങൾപരിഹരിക്കുന്നതിന് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ചർച്ച നടത്തണമെന്ന് തിങ്കളാഴ്‌ച സൗദിയും പാകിസ്ഥാനും പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയിൽ പറയുന്നു.
സൗദി രാജകുമാരനും പാകിസ്ഥാൻ പ്രധാനമന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഗാസയിലെ നിലവിലെ സാഹചര്യം ഉൾപ്പെടെ ചര്‍ച്ച ചെയ്‌തിരുന്നു. കാശ്‌മീർ സംബന്ധിച്ച യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളെ സംയുക്ത പ്രസ്‌താവനയിൽ പരാമർശിച്ചിട്ടില്ല. ഇന്ത്യന്‍ നിലപാടിനോടുള്ള റിയാദിന്‍റെ പിന്തുണയാണ് സംയുക്ത പ്രസ്‌താവനയിൽ പ്രതിഫലിക്കുന്നത്.
പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ സൗദി അറേബ്യ 5 ബില്യൺ ഡോളറിന്‍റെ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരു രാജ്യങ്ങളും ചർച്ച ചെയ്‌തു.
ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാകിസ്ഥാനെ അതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍റെയും സൗദി അറേബ്യയുടെയും സംയുക്ത പ്രസ്‌താവന വരുന്നത്. ഞങ്ങൾ ഒരു ഭീകരരെയും വെറുതെ വിടില്ലെന്നും വേണ്ടിവന്നാല്‍ ഇന്ത്യയിലും പുറത്തു വെച്ചും അവരെ കൊല്ലുമെന്നായിരുന്നു രാജ് നാഥ് സിങ്ങിന്‍റെ പ്രസ്‌താവന.
'ഇന്ത്യയിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഏതൊരു ഭീകരനും സർക്കാർ തക്കതായ മറുപടി നൽകും. ഭീകരൻ പാകിസ്ഥാനിലേക്കാണ് രക്ഷപെടുന്നതെങ്കില്‍ അവനെ പിന്തുടര്‍ന്ന് പാകിസ്ഥാന്‍ മണ്ണിൽ വെച്ച് കൊല്ലാനും മടിക്കില്ല. ഇന്ത്യയ്ക്ക് അതിനുള്ള കഴിവുണ്ട്. പാക്കിസ്ഥാനും അത് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.'- സിങ് പറഞ്ഞു.
തീവ്രവാദികളെ ഇല്ലാതാക്കുക എന്ന വിശാല തന്ത്രത്തിന്‍റെ ഭാഗമായാണ് ഇന്ത്യൻ സർക്കാർ പാകിസ്ഥാനിൽ കൊലപാതകങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്‌തത് എന്ന് യുകെ പത്രത്തിൽ അച്ചടിച്ചുവന്ന റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
അയൽ രാജ്യങ്ങളുമായി സൗഹാർദപരമായ ബന്ധം നിലനിർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു. 'നമ്മുടെ ചരിത്രം നോക്കൂ. ഞങ്ങൾ ഒരു രാജ്യത്തെയും ആക്രമിക്കുകയോ മറ്റേതെങ്കിലും രാജ്യത്തിന്‍റെ ഒരിഞ്ച് ഭൂമി കൈവശപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതാണ് ഇന്ത്യയുടെ നയം'- അദ്ദേഹം പറഞ്ഞു.
Also Read :'പാക് അധീന കശ്‌മീര്‍ ഇന്ത്യയില്‍ ലയിക്കും'; ഇന്ത്യയെ ആക്രമിച്ചാല്‍ കയ്യും കെട്ടി ഇരിക്കില്ലെന്ന് രാജ്‌നാഥ് സിങ്