ന്യൂഡല്‍ഹി: നിയമസഭ വോട്ടെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പരിഹസിച്ച് ആംആദ്‌മി. ബിജെപിയുടെ എല്ലാ നേതാക്കളും രാജ്യതലസ്ഥാനത്ത് അധികാരം നേടാൻ കിണഞ്ഞ് പരിശ്രമിച്ചിട്ടും എഎപിയെ തോല്‍പിക്കാനായില്ല, ഇനി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മാത്രമാണ് ബിജെപിക്കായി ഡല്‍ഹിയില്‍ പ്രചാരണത്തിന് ഇറങ്ങാൻ ബാക്കിയുള്ളതെന്നും എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെയുള്ള ഉന്നത ബിജെപി നേതാക്കൾ ശ്രമിച്ചിട്ടും ഡൽഹിയിലെ ജനങ്ങൾ കെജ്രിവാളിലും ആംആദ്‌മി പാര്‍ട്ടിയിലും അചഞ്ചലമായ ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കളെ കളത്തിലിറക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു, ഇതിനുപിന്നാലെയാണ് ഇനി ട്രംപിനെ മാത്രം ഇറക്കാൻ ബാക്കിയുള്ളൂ എന്ന പരിഹാസവുമായി സഞ്ജയ് സിങ് രംഗത്തെത്തിയത്. ജനങ്ങൾ കെജ്‌രിവാളിന്‍റെ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ തീരുമാനിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക