മുബൈ : ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന് കുത്തേറ്റു. വീട്ടിലെ മോഷണശ്രമത്തിനിടെ നടനെ അക്രമി കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ന് (ജനുവരി 16) പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. നടൻ ഇപ്പോൾ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആറ് തവണയാണ് നടന് കുത്തേറ്റത്. ഒരു മുറിവ് നട്ടെല്ലിന് അടുത്തായത് ആശങ്കയുണ്ടാക്കിയെങ്കിലും താരം ഇപ്പോൾ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
അതേസമയം സെയ്‌ഫ് അലിഖാനെ പുലർച്ചെ 3.30 ഓടെയാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ലീലാവതി ആശുപത്രിയുടെ സിഒഒ ഡോ. നീരജ് ഉത്തമാനി പറഞ്ഞു. 'ആക്രമണത്തില്‍ സെയ്‌ഫ് അലി ഖാന് ആറിടങ്ങളില്‍ മുറിവേറ്റു. അതില്‍ രണ്ടെണ്ണം ഗുരുതരമാണ്. ഒരു മുറിവ് നട്ടെല്ലിനോട് ചേര്‍ന്നാണ്. അദ്ദേഹത്തിന്‍റെ ശസ്‌ത്രക്രിയ ഇപ്പോഴും തുടരുകയാണ്' എന്ന് ഡോ. ഉത്തമണിമാധ്യമങ്ങളോട് പറഞ്ഞു'.
സെയ്‌ഫ് അലി ഖാന്‍റെ കൈത്തണ്ടയിലെ മുറിവും ആഴത്തിലുള്ളതാണ്. അദ്ദേഹത്തിന്‍റെ ഇടതുകൈയിലാണ് മുറിവ്. അത് നന്നാക്കാൻ പ്ലാസ്‌റ്റിക് സർജന്‍റെ സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താരത്തിന്‍റെ വസതിയിൽ മോഷണശ്രമം നടന്നതായി സ്ഥിരീകരിച്ച് അദ്ദേഹത്തിന്‍റെ ഔദ്യോഗിക ടീം രംഗത്തെത്തി. താരത്തിനെ ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കി. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അവർ അറിയിച്ചു. 'ആരാധകർ ക്ഷമയോടെ ഇരിക്കണമെന്ന് അഭ്യർഥിക്കുന്നു. ഇത് പൊലീസ് കൈകാര്യം ചെയ്യേണ്ട വിഷയമാണ്. സ്ഥിതിഗതികൾ അറിയിക്കാം' എന്നും അവർ വ്യക്തമാക്കി.
സംഭവം ഇങ്ങനെ :സെയ്‌ഫ് ഉറങ്ങിക്കിടക്കുമ്പോൾ മോഷ്‌ടാവ് വീട്ടിൽ അതിക്രമിച്ച് കയറിയതായാണ് മുംബൈ പൊലീസ് പറയുന്നത്. ഒരാൾ മാത്രമാണ് അക്രമത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു. അക്രമിയും നടനും തമ്മിൽ സംഘർഷമുണ്ടാകുകയും തുടർന്ന് ഇയാൾ സെയ്‌ഫിനെ കുത്തുകയുമായിരുന്നു. പ്രതി ഉടൻ തന്നെ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
അതേസമയം സംഘർഷത്തിനിടെ, സെയ്‌ഫിന്‍റെ വീട്ടിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. താരത്തിന് ആറ് കുത്താണേറ്റത്. അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുറിവുകളിൽ ഒന്ന് നട്ടെല്ലിനോട് ചേർന്നുള്ളതാണെന്നും അവർ പറഞ്ഞു. ന്യൂറോ സർജൻ ഡോ. നിതിൻ ഡാംഗെ, കോസ്മെറ്റിക് സർജൻ ഡോ. ലീന ജെയിൻ അനസ്തേഷ്യോളജിസ്‌റ്റ് ഡോ. നിഷ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്‌ടർമാരുടെ സംഘമാണ് അദ്ദേഹത്തെ ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കുന്നത്, എന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം വസതിയിലെ മൂന്ന് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പ്രതിയെ കണ്ടെത്തുന്നതിന് നിരവധി സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പൊലീസ്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
സംഭവ സമയം കരീന കപൂർ ഖാനും കുട്ടികളും വീട്ടിലുണ്ടായിരുന്നു. എന്നാൽ അവർ സുരക്ഷിതരാണെന്ന് കരീന കപൂർ ഖാന്‍റെ ടീമും പ്രസ്‌താവന പുറത്തിറക്കി.
സംഭവത്തെക്കുറിച്ച് ബിജെപി വക്താവ് റാം കദം പ്രതികരിച്ചു. പ്രതികളെ പൊലീസ് വെറുതെ വിടില്ലെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം സെയ്‌ഫ് അലി ഖാന് നേരെയുള്ള ആക്രമണം ആശങ്കാജനകമാണെന്ന് എൻസിപി (എസ്‌പി) വക്താവ് ക്ലൈഡ് ക്രാസ്‌റ്റോ പറഞ്ഞു. വളരെയധികം സുരക്ഷയുള്ള അത്തരം ഉന്നത വ്യക്തികളെ അവരുടെ വീടുകളിൽ കയറി ആക്രമിക്കാൻ കഴിഞ്ഞാൽ, സാധാരണ പൗരന്മാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
Also Read:കല്യാണി പ്രിയദർശൻ ചിത്രത്തിൻ്റെ ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം- വീഡിയോ