മൂംബൈ: ബോളിവുഡ് താരം സെയ്‌ഫ് അലിഖാന് നേരെ നടന്ന ആക്രമണം അദ്ദേഹത്തിന്‍റെ ആരാധകരെയും ചലച്ചിത്ര മേഖലയെയും ആകെ ഞെട്ടിച്ചിരിക്കുകയാണ്. മുംബൈയിലെ പ്രമുഖരുടെ താമസസ്ഥലമായ ബാന്ദ്ര വെസ്റ്റിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്‍റെ ബഹുനില മന്ദിരത്തില്‍ കവര്‍ച്ചയ്ക്കെത്തിയവര്‍ ഒരുകോടി രൂപ ആവശ്യപ്പെട്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നൽകുന്ന റിപ്പോർട്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കെട്ടിടത്തിലെ പടിക്കെട്ടുകള്‍ വഴിയാണ് അക്രമികള്‍ ഉള്ളില്‍ കടന്നത്. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ടി ഷര്‍ട്ടും ജീന്‍സും ഓറഞ്ച് നിറത്തിലുള്ള സ്‌കാര്‍ഫും അണിഞ്ഞെത്തിയ ഇവര്‍ ഒരു കോടി രൂപ ആവശ്യപ്പെടുന്നതും അത് നിരസിച്ചതോടെ അക്രമാസക്തരാകുന്നതും ദൃശ്യങ്ങളിലുണ്ട്.
ആറ് കുത്താണ് താരത്തിന്‍റെ ശരീരത്തില്‍ ഉള്ളത്. കഴുത്തിലും കയ്യിലും പരിക്കുണ്ട്. നട്ടെലിനോട് ചേര്‍ന്നാണ് ഗുരുതര പരിക്ക്. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
താരത്തിന്‍റെ മൂത്തമകന്‍ ഇബ്രാഹിം ഉടന്‍ തന്നെ പിതാവിനെ ലീലാവതി ആശുപത്രിയിലെത്തിച്ചു. വീട്ടിലെ കാർ എടുക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിൽ ഓട്ടോ റിക്ഷയിലാണ് ഇബ്രാഹിം പിതാവിനെ ആശുപത്രിയിലെത്തിച്ചത്. അഭിനേത്രിയും ഭാര്യയുമായ കരീന കപൂറും മറ്റ് കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിരുന്നു.
സെയ്‌ഫ് അലിഖാന്‍റെ നില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തെ അടിയന്തര ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില അദ്ദേഹം തരണം ചെയ്‌തിട്ടുണ്ടെന്നും ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കി. മുറിവുകള്‍ ആഴമുള്ളതാണ്. നട്ടെല്ലില്‍ നിന്ന് 2.5 ഇഞ്ച് നീളമുള്ള ഒരു കത്തി നീക്കം ചെയ്‌തതായും ഡോക്‌ടര്‍മാര്‍ അറിയിച്ചു. നട്ടെല്ലില്‍ നിന്നുള്ള സ്രവങ്ങളുടെ ചോര്‍ച്ചയും പരിഹരിച്ചു. വെല്ലുവിളിയുടെ ഘട്ടം കഴിഞ്ഞെന്നും ഡോ.നിതിന്‍ ഡാന്‍ഗെ പറഞ്ഞു. നാളെ രാവിലെ വരെ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് ആശുപത്രി വിടാനായേക്കും.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്‌ത്രക്രിയകളെല്ലാം വിജയകരമായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ന്യൂറോ സര്‍ജറിയും പ്ലാസ്‌റ്റിക് സര്‍ജറിയും വേണ്ടി വന്നു. ന്യൂറോ സർജൻ ഡോ. നിതിൻ ഡാംഗെ, കോസ്‌മെറ്റിക് സർജൻ ഡോ. ലീന ജെയിൻ അനസ്‌തേഷ്യോളജിസ്‌റ്റ് ഡോ. നിഷ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്‌ടർമാരുടെ സംഘമാണ് അദ്ദേഹത്തെ ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അതേസമയം അക്രമിയെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ് വ്യക്തമാക്കി. ഇയാളുടെ ചിത്രങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.
Also Read:ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന് കുത്തേറ്റു; സംഭവം സ്വന്തം വീട്ടില്‍ വച്ച്