മാല്‍ഡ(പശ്ചിമ ബംഗാള്‍):പൗരത്വ ഭേദഗതി നിയമത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നുണ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മതഭ്രാന്ത് നിമിത്തം ആക്രമിക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ് ഈ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാളില്‍ മൂന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പ്രതിരോധ മന്ത്രി പങ്കെടുത്തു. രണ്ടെണ്ണം ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപമായിരുന്നു. ആദ്യ യോഗം ഗൗരിശങ്കര്‍ ഘോഷിന് വേണ്ടി മുര്‍ഷിദാബാദിലായിരുന്നു ആദ്യ യോഗം. രണ്ടാമത്തെ പരിപാടി ഖാജെന്‍ മുര്‍മുവിന് വേണ്ടി മാല്‍ഡ ഉത്തര മണ്ഡലത്തിലായിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജു ബിസ്‌തയ്ക്ക് വേണ്ടി ഡാര്‍ജിലിങിലായിരുന്നു മൂന്നാമത്തെ പരിപാടി.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കടുത്ത ആക്രമണങ്ങള്‍ക്കിരയായ മതന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയൊരുക്കാനാണ് സിഎഎ. അവരും നമ്മുടെ ആളുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് ഒരു ശക്തിക്കും ഈ നിയമം ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎഎ നിരോധിക്കുമെന്ന മമതയ്ക്കുള്ള മറുപടി ആയിരുന്നു അത്. ജനങ്ങളോട് സത്യം പറഞ്ഞ് കൊണ്ടും രാഷ്‌ട്രീയപ്രവര്‍ത്തനം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. മമത ദീദീ എന്ന് വിളിച്ച് കൊണ്ടായിരുന്നു പ്രതിരോധമന്ത്രിയുടെ പരാമര്‍ശങ്ങള്‍.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ കുടിയേറ്റ തൊഴിലാളികള്‍ മടങ്ങരുതെന്ന് അടുത്തിടെ മുഖ്യമന്ത്രി മമത ആവശ്യപ്പെട്ടിരുന്നു. വോട്ട് ചെയ്യാതിരുന്നാല്‍ ബിജെപി സര്‍ക്കാര്‍ നിങ്ങളുടെ പൗരത്വം നീക്കം ചെയ്യുമെന്നും മമത മുന്നറിയിപ്പ് നല്‍കിയിരുന്നു.
അഴിമതി ചൂണ്ടിക്കാട്ടിയും രാജ്‌നാഥ് തൃണമൂല്‍ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ ഒരു അഴിമതി ആരോപണം പോലും ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരാള്‍ക്ക് പോലും അത്തരം ഒരു ആരോപണം ഉയര്‍ത്താനായിട്ടില്ല. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലെന്നും സിങ് പറഞ്ഞു.