ന്യൂഡൽഹി: മോദി സർക്കാരിന്‍റെ നയങ്ങൾ റെയിൽവേയെ ദുർബലപ്പെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് കീഴിലുള്ള ട്രെയിനിൽ യാത്ര ചെയ്യുന്നത് ശിക്ഷയായി മാറിയെന്നും ഗാന്ധി വിമര്‍ശനമുയര്‍ത്തി. ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാർ നേരിടുന്ന അസൗകര്യങ്ങളുടെ വീഡിയോ എക്‌സിൽ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം.
'നരേന്ദ്രമോദിയുടെ ഭരണത്തിൽ ട്രെയിനിൽ യാത്ര ചെയ്യുന്നത് ഒരു ശിക്ഷയായി മാറിയിരിക്കുന്നു. എല്ലാ ക്ലാസിലെയും യാത്രക്കാരെ മോദി സർക്കാർ പീഡിപ്പിക്കുന്നു. സാധാരണക്കാരുടെ ട്രെയിനുകളിൽ നിന്ന് ജനറൽ കോച്ചുകളുടെ എണ്ണം കുറയ്ക്കുകയും എലൈറ്റ് ട്രെയിനുകൾ മാത്രം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു,' വീഡിയോ പങ്കുവെച്ച് രാഹുൽ കുറിച്ചു.
കൺഫോം ചെയ്‌ത ടിക്കറ്റ് ലഭിച്ചിട്ടും ആളുകൾക്ക് അവരുടെ സീറ്റിൽ സുഖമായി ഇരിക്കാൻ കഴിയുന്നില്ല, സാധാരണക്കാരൻ തറയിൽ യാത്ര ചെയ്യാനും ടോയ്‌ലറ്റുകളിൽ ഒളിക്കാനും നിർബന്ധിതരാകുന്നു. ടിക്കറ്റ് ഉറപ്പിച്ചവർ പോലും അസൗകര്യം നേരിടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. റെയിൽവേയെ മോശം രീതിയില്‍ കാണിച്ച് തങ്ങളുടെ സുഹൃത്തുക്കൾക്ക് വിൽക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.