അസം : അസമില്‍ 14-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതി കുളത്തില്‍ ചാടി മരിച്ചു. കൂടുതല്‍ അന്വേഷണത്തിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതിയെ എത്തിച്ചപ്പോള്‍ കൈവിലങ്ങോടെ കുളത്തില്‍ ചാടുകയായിരുന്നു.
നാഗോൺ ജില്ലയിലെ ധിങ് പ്രദേശത്ത് കഴിഞ്ഞ 22-ന് ആണ് 14 കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. മുഖ്യപ്രതി തഫാസുൽ ഇസ്‌ലാമിനെ വെള്ളിയാഴ്‌ചയാണ് (23-08-2024) അറസ്റ്റ് ചെയ്‌തത്. വിശദമായ അന്വേഷണത്തിന് വെള്ളിയാഴ്‌ച രാത്രി ക്രൈം സീനിൽ എത്തിച്ച പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിലേക്ക് ചാടുകയായിരുന്നു എന്ന് പൊലീസ് വിശദീകരിച്ചു. ഇയാളുടെ മൃതദേഹം ഇന്ന് കുളത്തിൽ നിന്ന് കണ്ടെടുത്തു.
'സംഭവം നടന്ന സ്ഥലത്ത് അന്വേഷണത്തിനായി ഇന്നലെ രാത്രി പൊലീസ് സംഘം പ്രതിയെ കൊണ്ടുപോയപ്പോൾ, ഇയാള്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സ്ഥലത്തിന് സമീപമുള്ള കുളത്തിലേക്ക് ചാടി. പൊലീസ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എസ്‌ഡിആർഎഫ് സംഘം ഇന്ന് രാവിലെ കുളത്തിൽ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെടുത്തു'. നാഗോൺ എസ്‌പി സ്വപ്‌നീൽ ദേക പറഞ്ഞു.