ബെംഗളൂരു:ജെഡി(എസ്) എംഎൽസി സൂരജ് രേവണ്ണയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് കള്ളക്കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ജെഡി(എസ്) പ്രവർത്തകനും ബന്ധുവിനുമെതിരെ കേസെടുത്തതായി പൊലീസ്. സൂരജ് രേവണ്ണയുടെ അടുത്ത സഹായി ശിവകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചേതൻ കെ എസിനും ഭാര്യാ സഹോദരനുമെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. സൂരജ് രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ചേതനും വെള്ളിയാഴ്‌ച (ജൂൺ 21) പൊലീസിൽ പരാതി നൽകിയിരുന്നു.
നിരവധി സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൊലീസ് കസ്‌റ്റഡിയിലുള്ള മുൻ ഹാസൻ എംപി പ്രജ്വൽ രേവണ്ണയുടെ ജ്യേഷ്‌ഠനാണ് സൂരജ് രേവണ്ണ. അടുത്തിടെ കുടുംബ ചെലവുകൾക്കായി ചേതൻ പണം ആവശ്യപ്പെട്ടെങ്കിലും ശിവകുമാർ പണം നൽകാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് സൂരജ് രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.