ന്യൂഡൽഹി:ബാബാസാഹേബ് അംബേദ്‌കറെക്കുറിച്ചുള്ള അമിത് ഷായുടെ പരാമർശത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്‌കറെ അപമാനിച്ച കോൺഗ്രസിൻ്റെ ഇരുണ്ട ചരിത്രം അമിത് ഷാ തുറന്നുകാട്ടി. അമിത് ഷാ അവതരിപ്പിച്ച വസ്‌തുതകള്‍ കണ്ട് കോൺഗ്രസും അതിന്‍റെ ദ്രവിച്ച സംവിധാനവും സ്‌തംഭിച്ചിരിക്കുകയാണെന്നും നരേന്ദ്ര മോദി എക്‌സിലൂടെ പറഞ്ഞു.
കോൺഗ്രസ് വർഷങ്ങളോളം അധികാരത്തിൽ ഇരുന്നിട്ടും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ ശാക്തീകരിക്കാൻ ഒന്നും ചെയ്‌തില്ലെന്ന് പ്രധാനമന്ത്രി എക്‌സിലെ പോസ്റ്റുകളുടെ പറഞ്ഞു. 'അംബേദ്‌കറെ അപമാനിക്കുകയും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ പരിഗണിക്കാതിരിക്കുകയും ചെയ്‌ത കോൺഗ്രസിന്‍റെ ഇരുണ്ട ചരിത്രം അമിത് ഷാ തുറന്നു കാണിച്ചു. അതില്‍ അവര്‍ ഞെട്ടി സ്‌തംഭിച്ച് നില്‍ക്കുകയാണ്. അതിനാലാണ് ഇപ്പോള്‍ പ്രതിഷേധ നാടകങ്ങൾ നടത്തുന്നത്.
കോൺഗ്രസിനെ സംബന്ധിച്ച് ഖേദകരമാണെങ്കിലും ആളുകള്‍ക്ക് സത്യമറിയാം എന്നതാണ് വസ്‌തുത. കോൺഗ്രസിന് അവർക്ക് ഇഷ്‌ടമുള്ളത് പോലെ ശ്രമിക്കാം, പക്ഷേ അവരുടെ ഭരണത്തിൻകീഴിലാണ് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്ക് എതിരെയുളള ഏറ്റവും വലിയ കൂട്ടക്കൊലകള്‍ നടന്നിട്ടുളളതെന്ന് അവര്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല. വര്‍ഷങ്ങളോളം അവര്‍ അധികാരത്തിലിരുന്നു പക്ഷേ എസ്‌സി, എസ്‌ടി വിഭാഗങ്ങളെ ശാക്തീകരിക്കാൻ ഒന്നും ചെയ്‌തില്ല' എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
കൂടാതെ, ബാബാസാഹേബ് അംബേദ്‌കറോട് കോൺഗ്രസ് ചെയ്‌തിട്ടുളള 'പാപങ്ങൾ' പ്രധാനമന്ത്രി ഒന്നൊന്നായി എടുത്ത് പറഞ്ഞു. 'അംബേദ്‌കറെ കോൺഗ്രസ് രണ്ട് തവണ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി. ജവഹര്‍ലാല്‍ നെഹ്‌റു തന്നെ അംബേദ്‌കറിനെതിരെ പ്രചാരണം നടത്തുകയും അദ്ദേഹത്തെ തോല്‍പ്പിക്കുന്നത് അഭിമാന പ്രശ്‌നമായി കാണുകയും ചെയ്‌തിട്ടുണ്ട്. അംബേദ്‌കറിന് ഭാരത് രത്ന നിഷേധിച്ചു. പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ അംബേദ്‌കറിന്‍റെ ഛായാചിത്രം വയ്‌ക്കുന്നതും കോൺഗ്രസ് തടഞ്ഞതായി' നരേന്ദ്ര മോദി പറഞ്ഞു.
'അംബേദ്‌കറുടെ പൈതൃകം ഇല്ലാതാക്കാൻ ഒരു പാർട്ടി എല്ലാ വൃത്തികെട്ട തന്ത്രങ്ങളും പയറ്റുന്നത് കാലാകാലങ്ങളിൽ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അംബേദ്‌കറിനെ അധിക്ഷേപിച്ചതും അദ്ദേഹത്തിനെതിരെ വര്‍ഷങ്ങളോളം നടത്തിയ പ്രവര്‍ത്തനങ്ങളും കളളങ്ങളിലൂടെ മറച്ചുവയ്‌ക്കാം എന്ന് കോൺഗ്രസ് വിചാരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റി. ഒരു രാജവംശത്തിന്‍റെ നേതൃത്വത്തിലുളള ഒരു പാര്‍ട്ടി എല്ലാ വൃത്തികെട്ട തന്ത്രങ്ങളും പയറ്റി അംബേദ്‌കറിന്‍റെ പൈതൃകം ഇല്ലാതാക്കാനും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ അപമാനിക്കാനും ശ്രമിച്ചത് ഇന്ത്യയിലെ ജനങ്ങള്‍ കണ്ടതാണ്' എന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.