ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്‌റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും ഡൽഹിയിൽവച്ച് വ്യാഴാഴ്‌ച (ഫെബ്രുവരി 29) കൂടിക്കാഴ്‌ച നടത്തി. പൊതുജനങ്ങളുടെ നന്മയ്ക്കായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഗുണകരമാകുന്നതടക്കമുളള വിഷയങ്ങൾ ചർച്ച ചെയ്‌തു. ലോകത്തെ മെച്ചപ്പെടുത്താനും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാനും ശേഷിയുള്ള മേഖലകളെക്കുറിച്ച് ചർച്ചകൾ നടത്തിയതായി നേതാക്കൾ പറഞ്ഞു.
തീർച്ചയായും ഇതൊരു അത്ഭുതകരമായ മീറ്റിങ്ങാണ്. നമ്മുടെ ലോകത്തെ മികച്ചതാക്കുകയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുകയും ചെയ്യുന്ന മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ എല്ലായ്‌പ്പോഴും സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
സ്‌ത്രീകൾ നയിക്കുന്ന വികസന സാധ്യതകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്‌തു. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുന്നത് എപ്പോഴും പ്രചോദനം നൽകുന്ന കാര്യമാണെന്നും ചർച്ച ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നെന്നും പൊതുനന്മയ്ക്കായി എഐ സാങ്കേതിക വിദ്യയെക്കുറിച്ച് തങ്ങൾ സംസാരിച്ചെന്നും ബിൽ ഗേറ്റ്‌സ് പറഞ്ഞു. സ്‌ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, കൃഷി, ആരോഗ്യം, കാലാവസ്ഥ വ്യതിയാനത്തിലെ നൂതനകൾ, ഇന്ത്യയിൽ നിന്നും ലോകത്തിന് പാഠങ്ങൾ എങ്ങനെ പകരാം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചെന്ന് ബിൽ ഗേറ്റ്‌സ് എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.
അതേസമയം നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ബിൽ ഗേറ്റ്‌സ് കൂടിക്കാഴ്‌ച നടത്തിയിരുന്നു. വ്യാഴാഴ്‌ചയുണ്ടായ കൂടിക്കാഴ്‌ചയിൽ ഇരുനേതാക്കളും പരസ്‌പരം പുസ്‌തകങ്ങൾ കൈമാറി. ബിൽഗേറ്റ്സുമായി ഒരു നല്ല പുസ്‌തക കൈമാറ്റം, ഒപ്പം മികച്ച കൂടിക്കാഴ്‌ചയും എന്ന ചെറു കുറിപ്പെഴുതിയായിരുന്നു പുസ്‌തകങ്ങൾ കൈമാറുന്ന ചിത്രം ജയശങ്കർ എക്‌സിൽ പോസ്‌റ്റ് ചെയ്‌തത്. ഇന്ത്യ സന്ദർശനത്തിനായി ബിൽ ഗേറ്റ്‌സ് ചൊവ്വാഴ്‌ചയായിരുന്നു ഭുവനേശ്വറിലെത്തിയത്.