ന്യൂഡൽഹി : മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്‌ത് ഇന്ന് അധികാരമേൽക്കുകയാണ്. നമ്മുടെ രാജ്യത്ത് സ്ഥിരമായ വോട്ട് വിഹിതം നിലനിർത്തിക്കൊണ്ട് തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ഏക നേതാവ് അദ്ദേഹമാണെന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. രണ്ട് തവണയിലധികം തെരഞ്ഞെടുക്കപ്പെട്ട മുൻ അമേരിക്കൻ പ്രസിഡന്‍റ് ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റ്, മുൻ ജർമ്മൻ ചാൻസലർ ആഞ്ചേല മെർക്കൽ തുടങ്ങിയ ലോകനേതാക്കളുടെ നിരയിലേക്ക് ഇനി മോദിയും ചേരുന്നു.
ഇതുവരെ, തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആണ്. അദ്ദേഹത്തിനൊപ്പം എത്തിയ രണ്ടാമത്തെ നേതാവായി മോദി മാറിയിരിക്കുന്നു. ജവഹർലാൽ നെഹ്‌റു 1952-ലെ തെരഞ്ഞെടുപ്പിൽ 45 ശതമാനം വോട്ട് നേടി. അത് 1957-ൽ 47.8 ശതമാനമായി ഉയർന്നു. എന്നാൽ 1963-ലെ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം 44.7 ശതമാനമായി കുറഞ്ഞു. ഇത് അദ്ദേഹത്തിന്‍റെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തേക്കാൾ നേരിയ കുറവാണ്.
പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം വോട്ട് വിഹിതം സ്ഥിരതയുള്ളതാണ്. 2014ൽ ബിജെപി 31.3 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ 2019ൽ അത് 37.7 ശതമാനമായി ഉയർന്ന് 2024ലെ തെരഞ്ഞെടുപ്പിൽ 36.6 ശതമാനമായി കുറഞ്ഞു. 2014ലെയും 2019ലെയും ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ ഭാഗമായാണ് ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയത്.
2019ലെ പ്രധാനമന്ത്രി മോദിയുടെ വിജയത്തെ പലപ്പോഴും രാജീവ് ഗാന്ധിയുടെ 1984ലെ വിജയവുമായി താരതമ്യം ചെയ്യാറുണ്ട്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ സഹതാപ തരംഗത്തിന്‍റെ ആവേശത്തിൽ, രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് 49 ശതമാനം വോട്ട് വിഹിതത്തോടെ 414 സീറ്റുകൾ നേടി. 2019 ൽ വീണ്ടും ജനവിധി തേടിയ പ്രധാനമന്ത്രി മോദി 45 ശതമാനം വോട്ട് വിഹിതം നേടി, ബിജെപി നേതൃത്വത്തിലുള്ള സഖ്യം 353 സീറ്റുകൾ നേടി.
അന്താരാഷ്‌ട്ര സാഹചര്യത്തിൽ, പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി, 1932 മുതൽ 1944 വരെയുള്ള നാല് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച മുൻ അമേരിക്കൻ പ്രസിഡന്‍റ് ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റിനോടടുത്താണ്. റൂസ്‌വെൽറ്റ് തന്‍റ ആദ്യ തെരഞ്ഞെടുപ്പിൽ 1932-ൽ 57.4 ശതമാനം വോട്ടും അവസാനമായി 1944-ൽ 53.4 ശതമാനം വോട്ടും നേടി വിജയിച്ചു.