കേരളം

kerala

ETV Bharat / bharat

'കോണ്‍ഗ്രസ് രാജ്യത്തിന്‍റെ സ്വത്ത് മുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കും' : പ്രധാനമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതിഷേധം കടുക്കുന്നു - PM Modi communal remark - PM MODI COMMUNAL REMARK

നരേന്ദ്ര മോദി രാജസ്ഥാനിലെ പ്രചാരണത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കാന്‍ കോണ്‍ഗ്രസും സിപിഎമ്മും

PM MODI HATE SPEECH RAJASTHAN  മോദിയുടെ വര്‍ഗീയ പ്രസംഗം  LOK SABHA ELECTION 2024  CPM and Congress on PM Modi
CPM and Congress on PM Modi communal remark

By ETV Bharat Kerala Team

Published : Apr 22, 2024, 11:39 AM IST

ന്യൂഡല്‍ഹി :തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മോദിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുണ്ട്. സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനൊരുങ്ങുകയാണ് സിപിഎമ്മും കോണ്‍ഗ്രസും.

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ കഴിഞ്ഞ ദിവസം പ്രചാരണം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. 'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നല്‍കും. അതിന് നിങ്ങള്‍ തയ്യാറാണോ' - എന്നായിരുന്നു പ്രസംഗത്തിലെ വര്‍ഗീയ പരാമര്‍ശം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ 10 വര്‍ഷം മുന്‍പത്തെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കും വിധം ഉപയോഗിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

മോദിയുടെ പ്രസംഗത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. രാജ്യവ്യാപകമായി വലിയ വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് തുടങ്ങിയവര്‍ പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസ്‌താവനയില്‍ പ്രതിഷേധം അറിയിച്ച് രംഗത്തുവന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ തിരിച്ചടി ഉണ്ടായേക്കുമെന്ന ഭയമാണ് മോദിയുടെ വര്‍ഗീയ പരാമര്‍ശത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന്‍റെ അഭിപ്രായം. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്‍റെ പദവിയുടെ അന്തസ് മോദിയോളം താഴ്‌ത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

അതേസമയം ഇന്ത്യ വഴിതെറ്റില്ല എന്നും ആദ്യ ഘട്ട വോട്ടെടുപ്പിലുണ്ടായ നിരാശ കാരണം മോദിയുടെ നുണകളുടെ നിലവാരം കുറയുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 'ഭയം കാരണം യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. രാജ്യം തൊഴിലിനും കുടുംബത്തിനും ഭാവിയ്‌ക്കും വേണ്ടിയാണ് വോട്ട് ചെയ്യുക' - രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വ്യക്തമാക്കി. പ്രധാനമന്ത്രി അബദ്ധത്തില്‍ പോലും സത്യം പറയില്ലെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പ്രതികരിച്ചത്. 'ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ ഉണ്ടായ നിരാശയില്‍ നിന്നാണ് പ്രധാനമന്ത്രി ഈ വര്‍ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് അദ്ദേഹം ഇത്തരം നുണകള്‍ പറയുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പ് ബിജെപിക്ക് തിരിച്ചടിയായിരുന്നു, ഈ നിരാശയില്‍ പ്രധാനമന്ത്രിക്ക് മാനസിക നില നഷ്‌ടപ്പെട്ടിരിക്കുകയാണ്' -ജയ്റാം‌ രമേശിന്‍റെ എക്‌സ്‌ പോസ്റ്റ് ഇങ്ങനെയായിരുന്നു.

Also Read: ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപിയുടെ ആഗ്രഹമെന്ന് പ്രിയങ്ക ഗാന്ധി; മോദി-ഷാ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാല്‍ ജനാധിപത്യം അവസാനിക്കുമെന്ന് ഖാർഗെ - Priyanka And Kharge Against BJP

പ്രധാനമന്ത്രി കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി പവന്‍ ഖേരയും പ്രതികരിച്ചു. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ എവിടെയെങ്കിലും ഹിന്ദു, മുസ്‌ലിം എന്നിങ്ങനെ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ കാണിച്ചുതരണമെന്ന് പവന്‍ ഖേര വെല്ലുവിളിക്കുകയും ചെയ്‌തു. അതേസമയം 2002 മുതല്‍ മുസ്‌ലിങ്ങളെ അധിക്ഷേപിച്ച് വോട്ട് നേടുക മാത്രമാണ് മോദിയുടെ ഗ്യാരന്‍റിയെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദ്-ഉല്‍-മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസിയും പ്രതികരിച്ചു.

ABOUT THE AUTHOR

...view details