ചെന്നൈ:തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിന്‍റെ വസ്‌ത്രധാരണത്തിനെതിരെ ഹർജി. ഔദ്യോഗിക പരിപാടികളിൽ ടീ ഷർട്ടും ജീൻസും ധരിച്ചെത്തുന്നതിന് എതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. സർക്കാർ പരിപാടികളിൽ പങ്കെടുക്കുമ്പോൾ പരമ്പരാഗത തമിഴ് സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന ഔപചാരിക വസ്‌ത്രം ധരിക്കണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. അഭിഭാഷകൻ എം സത്യകുമാറാണ് ഉദയനിധി സ്‌റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഹർജിയിൽ പറയുന്നത് ഇങ്ങനെ
1967 -ൽ ഡിഎംകെ തമിഴ്‌നാട്ടിൽ ആദ്യമായി അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രിയായിരുന്ന അണ്ണാദുരൈ, കരുണാനിധി, എംകെ സ്‌റ്റാലിൻ തുടങ്ങിയവർ തമിഴ് ഭാഷയെയും തമിഴകത്തിൻ്റെ സംസ്‌കാരത്തെയും ഇഷ്‌ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന തരത്തിൽ പാർട്ടി പ്രവർത്തകരും വസ്‌ത്രം ധരിക്കണമെന്ന് അവർ നിർബന്ധിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പക്ഷേ നിലവിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായ ഉദയനിധി സ്‌റ്റാലിൻ സർക്കാർ പരിപാടികളിൽ പങ്കെടുക്കുമ്പോൾ പാർട്ടിയുടെ ലോഗോയുള്ള ടീ ഷർട്ടും ജീൻസ് പാൻ്റും അനുചിതമായ ഷൂസും ധരിക്കുന്നത് പതിവാണ്. സർക്കാർ പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഉപമുഖ്യമന്ത്രി ധരിക്കേണ്ട ഡ്രസ് കോഡിന് എതിരാണിത്.
മുഖ്യമന്ത്രിയും മന്ത്രിമാരും പദവിയിലിരിക്കുന്നവർ ഏതു തരം വസ്ത്രം ധരിക്കണമെന്ന കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി 2019 ൽ ഒരു ഓർഡിനൻസ് ഇറക്കിയിട്ടുണ്ട്. അതിനാൽ, സർക്കാർ പരിപാടികളിൽ പങ്കെടുക്കുമ്പോൾ തമിഴ് സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന ഔപചാരിക വസ്ത്രം ധരിക്കാൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിനോട് ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജിയിൽ ഉടൻ വാദം കേൾക്കും.
Also Read:ചെന്നൈയിൽ ഫോർമുല 4 കാർ റേസിങ്ങിന് വിലക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി