ഉത്തരാഖണ്ഡ് :ഉത്തരകാശിയില്‍ നദിക്ക് കുറുകെയുള്ള താത്കാലിക പാലം തകര്‍ന്ന് തീര്‍ഥാടകര്‍ കുടുങ്ങി. ഗംഗോത്രിയിൽ നിന്ന് ഏകദേശം 8-9 കിലോമീറ്റർ മുമ്പ് ഗോമുഖ് നടപ്പാതയിലാണ് പാലം തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് നാല്‍പതോളം തീർഥാടകരാണ് കുടുങ്ങിയത്.
ഉത്തരാഖണ്ഡിലെ ദേവ്ഗഡിലുള്ള നദിയിൽ നീരൊഴുക്ക് പെട്ടെന്ന് വർധിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിആർഎഫ്) സംഘം സ്ഥലത്തെത്തി ഒറ്റപ്പെട്ട തീർഥാടകരെ സുരക്ഷിതമായി നദി മുറിച്ചുകടക്കാൻ സഹായിച്ചു.
16 തീർഥാടകരെ രക്ഷിച്ചതായും മറ്റുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായും എസ്‌ഡിആർഎഫ് അറിയിച്ചു. ഡെറാഡൂണിലെ റോബേഴ്‌സ് ഗുഹയ്ക്ക് സമീപമുള്ള ഒരു ദ്വീപിൽ ഒറ്റപ്പെട്ടുപോയ 10 യുവാക്കളെ എസ്‌ഡിആർഎഫ് വ്യാഴാഴ്‌ച രക്ഷപ്പെടുത്തിയിരുന്നു. നദിക്ക് കുറുകെ കയർ കെട്ടിയാണ് 10 പേരെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞയാഴ്‌ച ഹരിദ്വാറിൽ പെയ്‌ത കനത്ത മഴയിൽ ഗംഗ നദിയിലെ ജലനിരപ്പ് ഉയരുകയും വാഹനങ്ങൾ ഒഴുകിപ്പോവുകയും റോഡുകൾ വെള്ളത്തിലാവുകയും ചെയ്‌തിരുന്നു. അപകടകരമായ സാഹചര്യം കണക്കിലെടുത്ത് നദിയിൽ കുളിക്കുന്നത് ഒഴിവാക്കണമെന്ന് പ്രദേശവാസികളോടും സന്ദർശകരോടും പ്രാദേശിക അധികാരികൾ നിർദേശിച്ചിരുന്നു.
Also Read :ബദരിനാഥില്‍ ടെമ്പോ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ സംഭവം: മരണസംഖ്യ 14 ആയി, 12 പേർ ചികിത്സയിൽ - Alakananda River Accident