ന്യൂഡല്‍ഹി:മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബിരേൻ സിങ്ങിനെ ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധിക്ക് കാരണക്കാരൻ താൻ ആണെന്ന വസ്‌തുത ബിരേൻ സിങ് അംഗീകരിക്കണമെന്നും ചിദംബരം അഭിപ്രായപ്പെട്ടു. ഒരു ഇടവേളയ്ക്ക് ശേഷം മണിപ്പൂരിലെ സംഘര്‍ഷം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം.
മണിപ്പൂരില്‍ കുക്കി സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്നവരില്‍ ആറുപേരുടെ മൃതദേഹം അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും ഉള്‍പ്പടെ വസതിക്ക് നേരേയും മേഖലയില്‍ ആക്രമണമുണ്ടായി.
ഇതിന്‍റെ പശ്ചാത്തലത്തില്‍ 5000ല്‍ അധികം കേന്ദ്ര സായുധ പൊലീസ് ഫോഴ്‌സിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മണിപ്പൂരില്‍ വിന്യസിച്ചിരുന്നു. എന്നാല്‍, കേന്ദ്രനടപടിയെ ചോദ്യം ചെയ്‌ത പി ചിദംബരം ജവാന്മാരെ അവിടേക്ക് അയക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും ചൂണ്ടിക്കാട്ടി. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പിടിവാശി ഉപേക്ഷിച്ച് മണിപ്പൂരിലെത്തി ജനങ്ങളുമായി സംസാരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'മണിപ്പൂരിലേക്ക് 5000-ല്‍ അധികം കേന്ദ്ര സായുധ പൊലീസ് ഫോഴ്‌സിനെ കേന്ദ്രം അയച്ചിരിക്കുകയാണ്. ഇത് അവിടുത്തെ പ്രശ്‌നത്തിന് ഒരിക്കലും പരിഹാരമാകില്ല. കേന്ദ്രനടപടി അവിടുത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ.
മണിപ്പൂരിലെ നിലവിലെ പ്രതിസന്ധിക്കെല്ലാം കാരണം ബിരേൻ സിങ്ങാണ്. ഇക്കാര്യം അദ്ദേഹവും അംഗീകരിക്കണം. മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ബിരേൻ സിങ്ങിനെ കഴിയുന്നതും വേഗത്തില്‍ തന്നെ നീക്കം ചെയ്യണം.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി തന്‍റെ പിടിവാശി ഉപേക്ഷിക്കാൻ തയ്യാറാകണം. അദ്ദേഹം മണിപ്പൂരിലേക്ക് എത്തി അവിടുത്തെ ജനങ്ങളുടെ ആവലാതികള്‍ മനസിലാക്കി അവരോട് വിനയത്തോടെ സംസാരിക്കാനും തയ്യാറാകണം'- ചിദംബരം പറഞ്ഞു.
അതേസമയം, മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്നും ഉന്നതതല യോഗം ചേരും. കഴിഞ്ഞ ദിവസവും ഉന്നതതല യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി 50 കമ്പനി കേന്ദ്ര സേനയെക്കൂടി സംസ്ഥാനത്ത് വിന്യസിക്കുകയും ചെയ്‌തിരുന്നു.
Read More :മണിപ്പൂര്‍ സംഘര്‍ഷം; അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്നും ഉന്നതതല യോഗം, അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു