ന്യൂഡൽഹി :രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി പറയുന്നതിനിടെ ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ എംപിമാർ വാക്കൗട്ട് നടത്തി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വാക്കൗട്ട്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിപക്ഷ എംപിമാര്‍ വാക്കൗട്ട് നടത്തിയത്.
പ്രതിഷേധിച്ച എംപിമാരെ രാജ്യസഭ ചെയർമാൻ ജഗ്‌ദീപ് ധൻഖർ വിമർശിച്ചു. ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണ് എന്നായിരുന്നു ജഗ്‌ദീപ് ധൻഖറിന്‍റെ പരാമര്‍ശം. രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയതിലൂടെ ഖാർഗെ ഓഫീസിനെ അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. തടസങ്ങളില്ലാതെ സംസാരിക്കാൻ മതിയായ സമയം ഖാര്‍ഗെയ്ക്ക് നൽകിയിട്ടുണ്ടെന്നും ജഗ്‌ദീപ് ധന്‍കർ വ്യക്തമാക്കി.