നിസാമാബാദ്: റോഡ് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മുള കൊണ്ടുള്ള ക്രാഷ് ബാരിയറുകൾ സ്ഥാപിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (Bamboo Crash Barriers). തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ദേശീയ പാത 44 ന്‍റെ തെരഞ്ഞെടുത്ത ഭാഗങ്ങളിലാണ് ബാരിയറുകൾ സ്ഥാപിക്കുന്നതിന് തുടക്കമിട്ടത്. റോഡപകടങ്ങളുടെ തീവ്രത ലഘൂകരിക്കുന്നതിനുള്ള നൂതനമായ പരിഹാരങ്ങളിലേക്കായാണ് ഈ സംരംഭം അവതരിപ്പിച്ചത് (Enhance Road Safety in Telangana). സംസ്ഥാനത്ത് മുള കൊണ്ടുള്ള ക്രാഷ് ബാരിയറുകൾ ആദ്യമായാണ് നടപ്പിലാക്കുന്നത്.
അപകടങ്ങൾ ഉണ്ടായാൽ വാഹനങ്ങൾ തെന്നിമാറുന്നത് തടയാൻ റോഡരികിൽ ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തരം ബാരിക്കേഡുകൾ പലപ്പോഴും അപകടങ്ങളുടെ ആഘാതം വർദ്ധിപ്പിക്കുകയും വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ വരുത്തുകയും ജീവൻ നഷ്‌ടപ്പെടുകയും ചെയ്യുന്നു. കൂടുതൽ ഫലപ്രദമായ ഒരു പരിഹാരത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ്, അപകടങ്ങളുടെ പ്രതികൂല ഫലങ്ങൾ കുറയ്ക്കുന്നതിനായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ മുള കൊണ്ടുള്ള ക്രാഷ് ബാരിയറുകൾ പ്രാബല്യത്തില്‍ കൊണ്ടുവന്നു.