അമരാവതി (മഹാരാഷ്ട്ര) :എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിക്കും സഹോദരൻ അക്ബറുദ്ദീൻ ഒവൈസിക്കുമെതിരെ നടത്തിയ '15 സെക്കൻഡ്' പരാമർശത്തെ ന്യായീകരിച്ച് ബിജെപി നേതാവ് നവനീത് റാണ. "ഞാൻ പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുന്നു. ആരെയും ഭയപ്പെടുന്നില്ല. പാകിസ്ഥാനുവേണ്ടി പ്രവർത്തിക്കുന്നവർക്ക് ഇനിയും ഇതുപോലുളള മറുപടി നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്' - റാണ പ്രതികരിച്ചു.
'രാജ്യത്തെ ഹിന്ദു-മുസ്‌ലിം അനുപാതം സന്തുലിതമാക്കാൻ 15 മിനിറ്റ് സമയം മതി' എന്ന എഐഎംഐഎം നേതാവ് അക്ബറുദ്ദീൻ ഒവൈസിയുടെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രസ്‌താവനയോട് നവനീത് ഈ തെരഞ്ഞെടുപ്പ് കാലത്ത് പ്രതികരിക്കുകയായിരുന്നു. 'പൊലീസിനെ നീക്കം ചെയ്യുകയോ പ്രവര്‍ത്തന രഹിതമാക്കുകയോ ചെയ്‌താൽ ഞങ്ങൾക്ക് 15 സെക്കൻഡ് മതിയാകും' എന്നാണ് റാണ പറഞ്ഞിരുന്നത്.
2013ല്‍ ഒരു യോഗത്തിലാണ് "'15 മിനിറ്റ്' പൊലീസിനെ പിൻവലിച്ചാൽ തൻ്റെ സമുദായത്തിന് എന്ത് ചെയ്യാൻ കഴിയുമെന്ന് കാണിച്ച് തരാം" എന്ന് അക്ബറുദ്ദീൻ വിദ്വേഷ പ്രസ്‌താവന നടത്തിയത്. അതേസമയം റാണയുടെ പരാമർശത്തോട് പ്രതികരിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അവര്‍ക്ക് "15 സെക്കൻഡിന് പകരം ഒരു മണിക്കൂർ സമയം നൽകണമെന്ന്" ഒവൈസി ആവശ്യപ്പെട്ടു. "ഞാൻ മോദിജിയോട് ആവശ്യപ്പെടുന്നു - അവര്‍ക്ക് 15 സെക്കൻഡ് നല്‍കൂ. അല്ലെങ്കില്‍ അവര്‍ക്ക് ഒരു മണിക്കൂർ നല്‍കൂ. എന്ത് ചെയ്യുമെന്ന് കാണട്ടെ, നിങ്ങളിൽ മനുഷ്യത്വം അവശേഷിക്കുന്നുണ്ടോ ?, ഞങ്ങൾ തയ്യാറാണ്. പ്രധാന മന്ത്രി നിങ്ങളുടേതാണ്, ആര്‍എസ്‌എസ് നിങ്ങളുടേതാണ്, എല്ലാം നിങ്ങളുടേതാണ്, അത് ചെയ്യുക. ആരാണ് നിങ്ങളെ തടയുന്നത്'- ഒവൈസി വ്യാഴാഴ്ച പറഞ്ഞു.