ഭുവനേശ്വര്‍: ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ അഞ്ചാം പട്ടിക ബിജു ജനതാദള്‍ പ്രഖ്യാപിച്ചു. ബിജെഡി അധ്യക്ഷന്‍ നവീന്‍ പട്‌നായിക്കാണ് പട്ടിക പുറത്തിറക്കിയത്. ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
സംസ്ഥാന മുഖ്യമന്ത്രി കൂടിയായ നവീന്‍ പട്‌നായിക് പശ്ചിമ ഒഡിഷയിലെ ബാലംഗിര്‍ജില്ലയിലെ കന്തബഞ്ചി നിയമസഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഇതിന് പുറമെ അദ്ദേഹത്തിന്‍റെ പരമ്പരാഗത മണ്ഡലമായ ഗഞ്ചം ജില്ലയിലെ ഹിന്‍ജിലി സീറ്റില്‍ നിന്നും മത്സരിക്കുന്നുണ്ട്. 2019 ലെ തെരഞ്ഞെടുപ്പിലും അദ്ദേഹം രണ്ട് സീറ്റില്‍ നിന്ന് ജനവിധി തേടിയിരുന്നു. ഹിന്‍ജിലിയിലും പശ്ചിമ ഒഡിഷയിലെ ബര്‍ഗഡ് ജില്ലയിലുള്ള ബിജെപൂര്‍ നിയമസഭാ മണ്ഡലത്തിലും വിജയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
പിന്നീട് അദ്ദേഹം ബിജെപൂര്‍ മണ്ഡലം ഉപേക്ഷിച്ചു. ഇന്ന് ബിജെഡി പ്രഖ്യാപിച്ച ഒന്‍പത് സ്ഥാനാര്‍ത്ഥികളില്‍ ആറ് പേരും വനിതകളാണ്. ബാക്കിയുള്ളവര്‍ അടുത്തിടെ പാര്‍ട്ടിയിലേക്ക് ചേക്കേറിയവരാണ്.