ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന ശില്‌പി ഡോ. ബാബാ സാഹേബ് ഭീംറാവു അംബേദ്‌കറുടെ ജന്മദിനത്തിൽ ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്‌കര്‍ പിന്നാക്ക വിഭാഗക്കാർക്ക് എന്നും പ്രചോദനമാണെന്ന് മോദി എക്‌സില്‍ കുറിച്ചു.
'ഡോ. ബാബാസാഹേബ് അംബേദ്‌കറുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ. ജയ് ഭീം! ബാബാസാഹെബ് അംബേദ്‌കർ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് പ്രചോദനമാണ്. ആഗ്രഹിച്ചത് നേടുന്നതിന് സമ്പന്ന കുടുംബത്തിൽ ജനിക്കേണ്ടതില്ലെന്ന് അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തി. ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങളിൽ ജനിച്ചവർക്കും സ്വപ്‌നം കാണാനും അത് നിറവേറ്റാന്‍ കഠിനാധ്വാനം ചെയ്യാനും കഴിയുമെന്ന് അംബേദ്‌കര്‍ കാണിച്ചു തന്നു.' പ്രധാന മന്ത്രി എക്‌സില്‍ പോസ്‌റ്റ് ചെയ്‌തു.
ബാബാസാഹെബ് അംബേദ്‌കർ വിഭാവനം ചെയ്‌ത വ്യാവസായിക ശക്തി എന്ന സ്വപ്‌നം ഇന്ത്യയിലെ ജനങ്ങൾക്ക് പ്രചോദനമാണെന്ന് വിവിധ സംരംഭങ്ങൾ എടുത്ത് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
'ഇന്ന്, മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിൻ രാജ്യത്ത് വിജയകരമായി പ്രവർത്തിക്കുന്നു. അംബേദ്‌കര്‍ ജിയുടെ വ്യാവസായിക ശക്തി എന്ന സ്വപ്‌നം നമുക്ക് പ്രചോദനമാണ്. ഡോ. ബാബാസാഹേബ് അംബേദ്‌കർ നഗരവൽക്കരണത്തിൽ വിശ്വസിച്ചു. സ്വാശ്രയത്വത്തിൽ, ആത്മനിർഭരതയിൽ അദ്ദേഹം ശക്തമായി വിശ്വസിച്ചു. മുദ്രാ വിശ്വാസ് പോലുള്ള സംരംഭങ്ങൾ, സ്‌റ്റാർട്ടപ്പ് ഇന്ത്യയും സ്‌റ്റാൻഡപ്പ് ഇന്ത്യയും നമ്മുടെ യുവ സംരംഭകരെ പ്രചോദിപ്പിക്കുകയാണ്. രാജ്യത്തിന് വേണ്ടിയും രാജ്യത്തെ ഓരോ പൗരന് വേണ്ടിയും ഞാൻ ബാബാസാഹെബ് അംബേദ്‌കറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.'-മോദി പറഞ്ഞു.
1891 ഏപ്രിൽ 14 നാണ് അംബേദ്‌കർ ജനിച്ചത്. മധ്യപ്രദേശിലെ ഒരു ദരിദ്ര ദളിത് കുടുംബത്തില്‍ ജനിച്ച അംബേദ്‌കര്‍, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ തുല്യാവകാശങ്ങൾക്കായി അക്ഷീണം പോരാടി. 1927 മുതൽ തൊട്ടുകൂടായ്‌മയ്‌ക്കെതിരായ സജീവ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു അംബേദ്‌കര്‍. ബാബാസാഹെബിന്‍റെ ജന്മദിനം രാജ്യത്തുടനീളം പൊതു അവധിയാണ്.
Also Read :അംബേദ്ക്കറുടെ ബോര്‍ഡ് സ്ഥാപിക്കുന്നതിനെ ചൊല്ലി തര്‍ക്കം;ദളിത് ബാലന്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്