ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ഒരു പരാദ ജീവിയാണെന്ന് മോദി പറഞ്ഞു. സഖ്യകക്ഷികളെയെല്ലാം അവര്‍ വിഴുങ്ങുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ ആയിരുന്നു മോദിയുടെ ആരോപണങ്ങള്‍. സ്വന്തം പൈതൃകത്തെ വെറുക്കുന്ന ജനതയുള്ള ഒരു നാടിനെ സൃഷ്‌ടിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. തങ്ങളുടെ ദേശീയ സ്ഥാപനങ്ങളില്‍ സംശയമുള്ള ജനതയുടെ രാജ്യം. നമുക്ക് അഭിമാനമേകുന്ന ബിംബങ്ങളെയെല്ലാം തകര്‍ക്കുവാനാണ് അവരുടെ ശ്രമം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മിഷനോ പൊലീസോ നീതിന്യായ സംവിധാനമോ എന്തുമാകട്ടെ ഇവയെല്ലാം തകര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. ഹരിയാന തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അംഗീകരിക്കുന്നില്ല. ഇത് തികച്ചും അപ്രതീക്ഷിതമെന്നാണ് അവര്‍ പറയുന്നത്. പൂര്‍ണമായും അമ്പരപ്പിക്കുന്ന വിധി. സാധാരണബോധത്തിന് നിരക്കുന്നതല്ലെന്നും യാഥാര്‍ഥ്യങ്ങള്‍ക്ക് എതിരാണെന്നും അവര്‍ പറയുന്നുവെന്നും മോദി പറഞ്ഞു.
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസിന് നേരെയുള്ള മോദിയുടെ കടന്നാക്രമണം. തുടര്‍ച്ചയായ മൂന്നാം തവണയും ഹരിയാനയില്‍ ബിജെപി അധികാരത്തിലെത്തിയിരിക്കുകയാണ്. 90ല്‍ 48ഉം ബിജെപി നേടി. കോണ്‍ഗ്രസിന് 37 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഭരണത്തില്‍ എത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ സര്‍വേകളെല്ലാം പ്രവചിച്ചത്.
ജമ്മുകശ്‌മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം 49 സീറ്റുകള്‍ സ്വന്തമാക്കി അധികാരത്തിലേക്ക് എത്തി. ബിജെപി 29 സീറ്റുകളിലേക്ക് ഒതുങ്ങി. ജമ്മുകശ്‌മീരിലെ വിജയം ചൂണ്ടിക്കാട്ടിയാണ് മോദി കോണ്‍ഗ്രസിനെ പരാദ ജീവിയെന്ന് വിളിച്ചത്. കോണ്‍ഗ്രസ് കാരണം തങ്ങള്‍ പരാജയപ്പെടുമെന്നായിരുന്നു ജമ്മുവിലെ സഖ്യകക്ഷികളുടെ ഭീതി. ഫലം സൂചിപ്പിക്കുന്നത് അത് സംഭവിച്ചു എന്ന് തന്നെയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പകുതി സീറ്റുകളും നേടാനായത് സഖ്യകക്ഷികള്‍ ഉണ്ടായത് കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സഖ്യകക്ഷികളുടെ ബോട്ട് അവര്‍ മുക്കും. മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്‍റെ മോശം പ്രകടനം മൂലം സഖ്യകക്ഷികള്‍ വല്ലാതെ ബുദ്ധിമുട്ടുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പോലും കോണ്‍ഗ്രസ് തങ്ങളുടെ നാഗരിക നക്‌സലൈറ്റുകളുമായി പരമോന്നത കോടതിയെ പോലും സമീപിച്ച് കോടതിയുടെ പ്രതിച്ഛായ പോലും നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും മോദി ആരോപിച്ചു. നമ്മുടെ സ്ഥാപനങ്ങളുടെ പക്ഷപാതമില്ലായ്‌മയെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. അവയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത് കോണ്‍ഗ്രസിന്‍റെ ശീലമാണ്. ഇത്തരം പ്രവൃത്തികള്‍ അവര്‍ നാണമില്ലാതെ ചെയ്യുന്നുവെന്നും മോദി ആരോപിച്ചു.
Also Read:വർഗീയ പാർട്ടികളുടെ കൃത്യമായ തിരസ്‌കരണം, കാശ്‌മീരില്‍ നാഷണൽ കോൺഫറൻസും കോൺഗ്രസ് സഖ്യവും സർക്കാർ രൂപീകരിക്കും': താരിഖ് ഹമീദ് കർറ