കർണാടക:മുഡ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവതിക്കും നഗരവികസന മന്ത്രി ബൈരതി സുരേഷിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സമൻസിന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാർവതിയും സുരേഷും സമർപ്പിച്ച ഹർജികളിൽ വാദം കേട്ട ജസ്റ്റിസ് എം നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് വിധി.
ഫെബ്രുവരി 10 ന് കോടതി അടുത്ത വാദം കേള്‍ക്കും. സമൻസ് പുറപ്പെടുവിച്ചത് കോടതിയുടെ പരിഗണനയിലുള്ള നടപടികൾക്ക് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടക്കാല സ്റ്റേ. സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ സന്ദേശ് ചൗട്ട, തന്റെ കക്ഷി കഴിഞ്ഞ വർഷം തന്നെ ബദൽ പ്ലോട്ട് കൈമാറിയതായി വാദിച്ചു. എന്നിട്ടും സമൻസ് അയക്കുന്നത് നിയമവിരുദ്ധമാണെന്നും ഇവർ പറഞ്ഞു.
കേസുമായി യാതൊരു ബന്ധവുമില്ലാത്ത തന്റെ കക്ഷിക്ക് ഇഡി സമൻസ് അയച്ചതായി മന്ത്രിയെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ സി വി നാഗേഷ് വാദിച്ചു. കൂടാതെ, മന്ത്രിയുടെ മകന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്ന സമയത്താണ് സമൻസ് വന്നിരിക്കുന്നത്. ഇതേ കേസിൽ മുഡ എംഡി നടേഷിന് നൽകിയ സമൻസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. അതിനാൽ മന്ത്രിക്ക് നൽകിയ സമൻസും റദ്ദാക്കണമെന്നായിരുന്നു വാദം.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക