കേരളം

kerala

ETV Bharat / bharat

സന്ദേശ്ഖാലിയില്‍ മോദി; ബംഗാളിലെ സ്‌ത്രീകളിലേക്ക് എത്താനുള്ള ബിജെപി ശ്രമമെന്ന് വിലയിരുത്തല്‍

സന്ദേശ്ഖാലി വിഷയം തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കനുകൂല വോട്ടുകളാക്കി മാറ്റാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. സന്ദേശ്ഖാലിയിലെ സ്‌ത്രീകള്‍ക്ക് പിന്തുണയുമായി മോദി.

Sandeshkhali  Modi  BJP  സന്ദേശ്ഖാലി  Election 2024
Modi Pledges Support For Sandeshkhali Women; What Explains BJP's Women Outreach In Bengal

By ETV Bharat Kerala Team

Published : Mar 6, 2024, 4:16 PM IST

കൊല്‍ക്കത്ത/ഹൈദരാബാദ്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 370 സീറ്റെന്ന മോദിയുെട സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ പ്രമുഖ സംസ്ഥാനങ്ങളിലെ വനിതാ വോട്ടുകളില്‍ കണ്ണ് വച്ച് ബിജെപി. 1000 പുരുഷന്‍മാര്‍ക്ക് 968 സ്‌ത്രീകള്‍ എന്ന അനുപാതമുള്ള പശ്ചിമബംഗാളാണ് വോട്ടര്‍മാരുടെ ഏറ്റവും മികച്ച ലിംഗാനുപാതമുള്ള രാജ്യത്തെ സംസ്ഥാനം(Sandeshkhali).

ബിജെപി ഈ സംസ്ഥാനത്ത് പുത്തന്‍ തെരഞ്ഞെടുപ്പ് അജണ്ടകള്‍ക്ക് രൂപം നല്‍കുകയാണ്. ഈ പുണ്യഭൂമിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കീഴില്‍ ഇവിടുത്തെ സ്‌ത്രീകള്‍ അക്രമിക്കപ്പെട്ടിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. സന്ദേശ്ഖാലി സ്ഥിതി ചെയ്യുന്ന നോര്‍ത്ത് 24 പര്‍ഗാന ജില്ലയുടെ ആസ്ഥാനത്ത് ബരാസത്തിലെ കച്ചാരി മൈതാനത്ത് നടന്ന റാലിയെ അഭിസംബോധന ചെയ്യവേ ആണ് മോദിയുടെ പരാമര്‍ശം. സന്ദേശഖാലിയിലെ സംഭവങ്ങള്‍ ആരെയും ലജ്ജിപ്പിക്കും. എന്നാല്‍ ടിഎംസി സര്‍ക്കാര്‍ നിങ്ങളുടെ കഷ്‌ടപ്പാടുകള്‍ ഗൗനിക്കുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു(Modi).

കുറ്റവാളികളെ സംരക്ഷിക്കുന്നതിനാണ് ടിഎംസി സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. ടിഎംസിയുടെ നടപടികള്‍ ആദ്യം ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും അപലപിച്ചു. പാവപ്പെട്ട, പിന്നാക്ക, ആദിവാസി വിഭാഗങ്ങളിലുള്ള സ്‌ത്രീകളെ ടിഎംസി പീഡിപ്പിക്കുന്നു. ടിഎംസി സര്‍ക്കാര്‍ പശ്ചിമബംഗാളിലെ സ്‌ത്രീകളെക്കാള്‍ തങ്ങളുടെ നേതാക്കളെ വിശ്വാസത്തിലെടുക്കുന്നുവെന്നും മോദി ആരോപിച്ചു(BJP).

സംസ്ഥാനത്തെ വനിതാ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇക്കുറി നിര്‍ണായക വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 2019ല്‍ ഇത് കേവലം 949 ആയിരുന്നു. പിന്നീടിങ്ങോട്ട് ക്രമാനുഗതമായ വളര്‍ച്ച ഉണ്ടായി. തൃണമൂലിന്‍റെ വനിത, മുസ്ലീം വോട്ട് ബാങ്ക് ശക്തമാണ്. എന്നാല്‍ ഇതിനൊരു മാറ്റം വരുത്താനാണ് ഹിന്ദി ഹൃദയഭൂമിയിലെ ശക്തമായ പാര്‍ട്ടിയായി മാറിക്കഴിഞ്ഞ ബിജെപിയുെട ശ്രമം. പശ്ചിമബംഗാളിലെ വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ മമതയ്ക്ക് ശക്തമായ സ്വാധീനമാണ് ഉള്ളത്. ഇതിനെ ഇളക്കി മറിക്കാനാണ് ബിജെപി പുത്തന്‍ തന്ത്രങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഎംസിയുടെ വിജയത്തിന് ഏറെ നിര്‍ണായകമായ മണ്ഡലമാണ് സന്ദേശ്ഖാലി. ഇതേ സന്ദേശ്ഖാലിയെ തങ്ങളുെട വിജയത്തിന് എങ്ങനെ ഉപയോഗിക്കാമെന്നാണ് ബിജെപി ഇപ്പോള്‍ ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് മൂന്നാംതവണയും മോദി അധികാരത്തില്‍ തിരിച്ചെത്താന്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ തൃണമൂലിന്‍റെ കരുത്തനായ ഷെയ്ഖ് ഷാജഹാന്‍റെ തട്ടകത്തെ എങ്ങനെ തങ്ങളുടേതാക്കാമെന്ന് തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി. ഇവിടെ സ്‌ത്രീ വോട്ടുകള്‍ ഏറെ നിര്‍ണായകയമാണ്. സ്‌ത്രീകള്‍ക്കെതിരെ ഇവിടെ നടന്ന അതിക്രമങ്ങളില്‍ ഷാജഹാന് പങ്കുണ്ടെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തി തങ്ങള്‍ക്ക് അനുകൂല തരംഗമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. സന്ദേശ് ഖാലി വിഷയം മമതയ്ക്ക് എതിരെ ആഞ്ഞടിക്കാനുള്ള ആയുധമാക്കി മാറ്റുകയാണ് ബിജെപി. സന്ദേശ്ഖാലിയിലെ സ്‌ത്രീകളോട് ടിഎംസി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് രാജ്യത്തെ ആകമാനം ഞെട്ടിച്ചെന്ന് കഴിഞ്ഞാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയിരുന്നു.

സന്ദേഖാലിയിലെ സഹോദരിമാരോട് ടിഎംസി ചെയ്യുന്നതെന്താണെന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ രാജ്യത്തിന് മൊത്തം പ്രതിഷേധമുണ്ട്. സന്ദേശ്ഖാലിയിലെ സംഭവത്തില്‍ രാജാറാം മോഹന്‍ റോയിയുടെ ആത്മാവ് തീര്‍ച്ചയായും വേദനിക്കുന്നുണ്ടാകും. ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സര്‍വ സീമകളും ലംഘിച്ചിരിക്കുന്നുവെന്നും ഷെയ്ഖ് ഷാജഹാന്‍റെ പേര് പരാമര്‍ശിക്കാതെ മോദി ആരോപിച്ചു. ഷാജഹാന്‍ സന്ദേശ്ഖാലിയില്‍ സ്‌ത്രീകളില്‍ നിന്ന് ഭൂമി പിടിച്ചെടുത്തെന്നും അവരെ ലൈംഗികമായി ആക്രമിച്ചെന്നും ആരോപണമുണ്ട്. സംസ്ഥാനത്തെ ബിജെപി ഇവിടുത്തെ സ്‌ത്രീകളുടെ അന്തസിന് വേണ്ടിയാണ് പോരാടിയതെന്നും മോദി അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു.

ടിഎംസിയെയും മമതയെയും ആക്രമിക്കാന്‍ ബിജെപിക്ക് വീണ് കിട്ടിയ ഒരു വടിയാണ് സന്ദേശ്ഖാലി. അതേസമയം 2019ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുന്നതില്‍ നിന്ന് ബിജെപിയെ തടയാനാണ് മമതയുടെയും കൂട്ടരുടെയും ശ്രമം.

മോദിയുടെ റാലിയില്‍ പങ്കെടുത്തവരിലേറെയും സ്‌ത്രീകളായിരുന്നു, സന്ദേശ്ഖാലിയില്‍ നിന്ന് നിരവധി സ്‌ത്രീകളാണ് പരിപാടിക്കെത്തിയത്. ഇവര്‍ സന്ദേശ്ഖാലിയില്‍ നിന്് ബറാസത്തിലേക്ക് സംഘമായി മാര്‍ച്ച് നടത്തിയാണ് എത്തിയത്.

തങ്ങള്‍ക്ക് ഇവിടുത്തെ ഭരണകൂടത്തിലുള്ള വിശ്വാസം മുഴുവന്‍ നഷ്‌ടമായെന്നും തങ്ങളുടെ സങ്കടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറയാന്‍ പോകുകയാണെന്നും അദ്ദേഹം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ഈ സ്‌ത്രീകള്‍ പറഞ്ഞു. തങ്ങളുടെ വോട്ടവകാശം ഭയമില്ലാതെ വിനിയോഗിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ചില രാഷ്‌ട്രീയക്കാര്‍ ഉണ്ടാക്കുന്ന അരാജകത്വത്തില്‍ നിന്ന് രക്ഷപ്പെടുകയും സമാധാനമായി ജീവിക്കാനുള്ള അവസരമുണ്ടാകുകയുമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഷിബു ഹസ്‌റ, ഷെയ്ഖ് ഷാജഖാന്‍, ഉത്തം സര്‍ദാര്‍ തുടങ്ങിയവരെ പോലുള്ള നേതാക്കള്‍ തിരിച്ച് വരരുത്. തങ്ങളുടെ വോട്ട് തങ്ങള്‍ ഇഷ്‌ടമുള്ളത് പോലെ വിനിയോഗിക്കുമെന്നും മറ്റൊരു സ്‌ത്രീ കൂട്ടിച്ചേര്‍ത്തു.

ഇന്ന് പശ്ചിമബംഗാളിലെത്തിയ മോദി രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ അടക്കം നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

Also Read:ചരിത്ര നിമിഷം ; ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ABOUT THE AUTHOR

...view details