ശ്രീനഗര്‍: ബിജെപി സര്‍ക്കാര്‍ ജമ്മു കശ്‌മീരിലെ ജനങ്ങളെ ചതിക്കുകയാണ് ചെയ്‌തതെന്ന് പിഡിപി പ്രസിഡൻ്റ് മെഹബൂബ മുഫ്‌തി. സംസ്ഥാനത്തെ തരം താഴ്‌ത്തുന്ന തീരുമാനങ്ങളെടുത്ത ബിജെപിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നും മെഹബൂബ മുഫ്‌തി പറഞ്ഞു. രജൗരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു മെഹബൂബ.
'ജമ്മു കശ്‌മീർ ഗാന്ധിയുടെ ഇന്ത്യയുമായി ലയിച്ചപ്പോൾ ഈ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനം ഹിന്ദു, മുസ്‌ലിം, സിഖ് ജനതയോട് തോളോട് തോള്‍ ചേര്‍ന്നാണ് ജീവിച്ചിരുന്നത്. നിർഭാഗ്യവശാൽ 2019 ന് ശേഷം ഞങ്ങൾ വഞ്ചിക്കപ്പെട്ടതായി തോന്നുന്നു. സംസ്ഥാനത്തെ തരംതാഴ്ത്തുന്ന നിലപാടുകളെടുക്കുന്ന ബിജെപി സർക്കാരിനെ ഞങ്ങൾ അംഗീകരിക്കില്ല.'- മെഹബൂബ മുഫ്‌തി ഭാരതിനോട് പറഞ്ഞു.
'ഞങ്ങൾ പോരാടുന്നത് ബിജെപിയുമായി മാത്രമല്ല, ഇത് നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും തമ്മിലുള്ള പോരാട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കോൺഗ്രസിൻ്റെ മികച്ച പ്രകടന പത്രിക കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബിജെപിക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാണ് ബിജെപി ജനങ്ങളെ പ്രീതിപ്പെടുത്താൻ മതത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നത്. രാഹുൽ ഗാന്ധി കള്ളം പറയില്ല.'-മെഹബൂബ മുഫ്‌തി പറഞ്ഞു.