ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ അറസ്‌റ്റിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സർക്കാർ ഏജൻസിയും ആളുകളെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ലെന്ന് മൻ കി ബാത്തിന്‍റെ 115-ാം എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് മോദി വ്യക്തമാക്കി. ഡിജിറ്റല്‍ അറസ്‌റ്റുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് വേഷത്തില്‍ തട്ടിപ്പ് നടത്തുന്ന വീഡിയോ പങ്കുവെച്ചാണ് മോദി മുന്നറിയിപ്പ് നല്‍കിയത്.
ഡിജിറ്റൽ അറസ്‌റ്റ് വഴി തട്ടിപ്പുക്കാര്‍ ആളുകളെ കബളിപ്പിക്കുന്ന രീതിയും മോദി വിശദീകരിച്ചു. തട്ടിപ്പുക്കാര്‍ പൊലീസ്, സിബിഐ, ആർബിഐ അല്ലെങ്കിൽ നാർക്കോട്ടിക് ഉദ്യോഗസ്ഥരായി സ്വയം പരിചയപ്പെടുത്തി ആളുകളെ വിശ്വാസത്തിലെടുക്കുന്നു, എന്നിട്ട് ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ സംസാരിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ആദ്യ ഘട്ടത്തില്‍ തട്ടിപ്പുക്കാര്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കും, രണ്ടാമതായി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും, നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തവിധം തട്ടിപ്പുക്കാര്‍ നിങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കും, മൂന്നാം ഘട്ടത്തില്‍ വലിയ സമ്മര്‍ദം കാരണം ഇരകള്‍ പണം അയച്ചുകൊടുക്കുന്നുവെന്നും, ഇതാണ് രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മോദി വിശദീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിജിറ്റല്‍ അറസ്‌റ്റില്‍ നിന്ന് എങ്ങനെ സുരക്ഷിതരാകാമെന്ന് വിശദീകരിച്ച് മോദി
എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരും ഡിജിറ്റല്‍ അറസ്‌റ്റിന് ഇരയാകുന്നുണ്ടെന്ന് മോദി വ്യക്തമാക്കി. കഷ്‌ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് പലർക്കും നഷ്‌ടപ്പെടുന്നത്. ഇത്തരം വ്യാജ കോളുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും ഒരു ഏജൻസിയും വീഡിയോ കോള്‍ വഴിയോ ഓഡിയോ കോള്‍ വഴിയോ നിങ്ങളെ ബന്ധപ്പെടില്ലെന്നും മോദി പറഞ്ഞു.
ഡിജിറ്റല്‍ അറസ്‌റ്റുമായി ബന്ധപ്പെട്ട് വ്യാജ കോളുകള്‍ ലഭിച്ചാല്‍ അത് റെക്കോര്‍ഡ് ചെയ്യാനും മാൻ കി ബാത്തിലൂടെ മോദി നിര്‍ദേശിച്ചു. മൂന്ന് ഘട്ടങ്ങളിലൂടെ ഡിജിറ്റൽ സുരക്ഷ ക്രമീകരണങ്ങള്‍ നടത്താൻ സാധിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി 'കോളുകള്‍ നിർത്തുക, ചിന്തിക്കുക, നടപടിയെടുക്കുക' എന്നീ ഘട്ടങ്ങള്‍ പിന്തുടരണമെന്നും വ്യക്തമാക്കി. സാധ്യമെങ്കിൽ, ഇത്തരം വ്യാജ കോളുകളുടെ ഒരു സ്ക്രീൻഷോട്ട് എടുത്ത് റെക്കോര്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം വ്യാജ കോളുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ദേശീയ സൈബർ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാൻ 1930 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും, പൊലീസിനെ അറിയിക്കണമെന്നും cybercrime.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് തെളിവുകളടക്കം പരാതി നല്‍കാമെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഡിജിറ്റൽ അറസ്‌റ്റുകള്‍ നിലവില്‍ രാജ്യത്ത് വലിയൊരു ഭീഷണിയായി ഉയർന്നുവന്നിട്ടുണ്ട്. ദിനംപ്രതി നിരവധിപേരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നത്. കേരളത്തിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം ആഘോഷിക്കാൻ ആഹ്വാനം ചെയ്‌ത് മോദി
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളര്‍ച്ചയിലും മുഖ്യ പങ്കുവഹിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 150-ാം ജന്മദിനം ആഘോഷിക്കാൻ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ടയുടെയും ഉരുക്ക് മനുഷ്യനെന്ന് അറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലന്‍റെയും ജന്മദിനം തന്‍റെ സർക്കാർ ആഘോഷിക്കുമെന്ന് മോദി വ്യക്തമാക്കി. എല്ലാവരും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം ആഘോഷിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
ഇന്ത്യ ഓരോ കാലഘട്ടത്തിലും ചില വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ധീരതയും ദീർഘവീക്ഷണവുമുള്ള അത്തരത്തിലുള്ള രണ്ട് മഹാനായ നായകന്മാരെ സ്‌മരിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. സർദാർ പട്ടേലിന്‍റെ 150-ാം ജന്മവാർഷിക വർഷം ഒക്ടോബറിൽ അവസാനത്തില്‍ ആചരിക്കും. ഇതിനുശേഷം, ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം നവംബർ 15-ന് ആചരിക്കുമെന്നും മോദി വ്യക്തമാക്കി.
Read Also:ഒടുവില്‍ മഞ്ഞുരുകി, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനത്തിന് ആഹ്വാനം; 5 വര്‍ഷത്തിന് ശേഷം ചൈനീസ് പ്രസിഡന്‍റിനെ കണ്ട് മോദി