ന്യൂഡൽഹി :രാജ്യതലസ്ഥാനത്തെ മലിനജല പ്രതിസന്ധി ബിജെപി ബോധപൂർവം സൃഷ്‌ടിച്ചതാണെന്ന് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. അടുത്തിടെ ജയിൽ മോചിതനായ സിസോദിയ, മയൂർ വിഹാറിലെ തൻ്റെ പദയാത്രയ്ക്കിടെയാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്.
'ജനങ്ങൾ അരവിന്ദ് കെജ്‌രിവാളിനായി പ്രാർഥിക്കുന്നു. ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായാണ് അദ്ദേഹത്തെ ജയിലിലടച്ചതെന്ന് ഡൽഹിയിലെ ഓരോ വ്യക്തിക്കും അറിയാം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജയിലിൽ പോകേണ്ടിവന്നത് അദ്ദേഹം തെറ്റ് ചെയ്‌തതുകൊണ്ടല്ല, മറിച്ച് ഡൽഹിക്ക് വേണ്ടി പ്രവർത്തിച്ചതുകൊണ്ടാണ്. ഡൽഹിയിലെ അദ്ദേഹത്തിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്' എന്നും അദ്ദേഹം പറഞ്ഞു.