ന്യൂഡൽഹി: ഡൽഹിയിലെ കേശോപൂരിൽ കുഴൽക്കിണറിൽ വീണ യുവാവ് മരിച്ചു (Man died after fell into borewell in Delhi Keshopur). 40 അടി താഴ്‌ചയുള്ള കുഴൽക്കിണറിൽ വീണ യുവാവിന്‍റെ മൃതദേഹം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. കേശോപൂർ മാണ്ഡി ഏരിയയിലാണ് സംഭവം. ജൽ ബോർഡ് വാട്ടർ ട്രീറ്റ്‌മെൻ്റ് പ്ലാൻ്റിലെ 40 അടി താഴ്‌ചയുള്ള കുഴൽക്കിണറിലേക്ക് ഇയാൾ വീഴുകയായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
30 വയസ് പ്രായം വരുന്ന പുരുഷനാണ് മരിച്ചതെന്നാണ് വിവരം. 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായതെന്ന് ജലമന്ത്രി അതിഷി പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയുടെ ഇൻസ്‌പെക്‌ടർ ഇൻ ചാർജ് വീർ പ്രതാപ് സിങ്ങിൻ്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ ആണ് ഡൽഹി ഫയർ സർവീസിന് വിവരം ലഭിച്ചത്. അപകട വിവരം അറിഞ്ഞയുടൻ തന്നെ ഡൽഹി ഫയർ സർവീസ് (DFS), ദേശീയ ദുരന്തനിവാരണ സേന (NDRF), ഡൽഹി പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. കുഴൽ കിണറിന് സമാനമായി കുഴി എടുത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.