ന്യൂഡൽഹി : നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തി മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. മൂന്നാം തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇന്ന് വൈകിട്ട് 7:15 ന് മോദി സത്യപ്രതിജ്ഞ ചെയ്യും. പ്രസിഡൻ്റ് മുയിസുവിനെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി പവൻ കപൂറാണ് സ്വീകരിച്ചത്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എൻഡിഎ തുടർച്ചയായി മൂന്നാം തവണയും വിജയിച്ചതോടെ പ്രധാനമന്ത്രിയാകാന്‍ മോദി ഒരുങ്ങുകയാണ്.
"ഇന്ത്യയുമായുള്ള അടുത്ത ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രിയുമായി പ്രവർത്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. മാലദ്വീപും ഇന്ത്യയും തമ്മിലുളള ബന്ധം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത്"-മാലിദ്വീപ് പ്രസിഡൻ്റ് പറഞ്ഞു. നേരത്തെ ഒരു പ്രസ്‌താവനയിൽ പ്രസിഡൻ്റ് മുയിസു പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുകയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹകരിക്കാനുളള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.