വാഷിംഗ്‌ടൺ :വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയത്തിനായി പ്രാർഥന നടത്തി സിലിക്കൺ വാലിയിൽ നിന്നുള്ള ഇന്ത്യൻ-അമേരിക്കൻ ടെക്‌നോളജി പ്രൊഫഷണലുകൾ. ഇതിനായി ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി (ഒഎഫ്ബിജെപി), യുഎസ്എ സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഹിന്ദു ക്ഷേത്രത്തിൽ പ്രത്യേക 'ഹവൻ' നടത്തി. നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.
ഹിന്ദുമതത്തിലെ ആദരണീയമായി കണക്കാക്കപ്പെടുന്ന, അഗ്നിയുമായി ബന്ധപ്പെട്ട ചടങ്ങാണ് 'ഹവൻ'. അനുഗ്രഹങ്ങൾ തേടാനും ആഗ്രഹങ്ങൾ നിറവേറ്റാനും അഗ്നിയിൽ പദാർഥങ്ങൾ സമർപ്പിക്കുന്ന ചടങ്ങാണിത്. അതേസമയം ഇത് വെറുമൊരു ആചാരമല്ലെന്നും മറിച്ച് ഭൂരിപക്ഷം ഇന്ത്യക്കാരുടെയും എൻആർഐകളുടെയും ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുള്ള കൂട്ടായ അഭ്യർഥനയായിരുന്നു എന്നും ഒഎഫ്ബിജെപി മാധ്യമക്കുറിപ്പ് പറഞ്ഞു.
വരാനിരിക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭരണകക്ഷിയായ ബിജെപിക്ക് നിർണായക വിജയത്തിന് വേണ്ടി പ്രാർഥിക്കുന്നതിനായാണ് ആളുകൾ ഒത്തുചേർന്നതെന്നും 'അബ്‌കി ബാർ, 400 പാർ' എന്ന ജനകീയ വികാരം ചടങ്ങിൽ ഉടനീളം പ്രതിധ്വനിച്ചു എന്നും ഒഎഫ്ബിജെപി പറഞ്ഞു. കൂടാതെ ജനാധിപത്യ പ്രക്രിയയിൽ ആഴത്തിൽ വേരൂന്നിയ വിശ്വാസത്തിൻ്റെയും ഇന്ത്യയിലെ തുടർ പുരോഗതിക്കും ഭരണ പരിഷ്‌കാരങ്ങൾക്കുമുള്ള അഭിലാഷങ്ങളുടെയും പ്രതിഫലനമാണ് ഈ ആത്മീയ സംഗമമെന്നും സംഘടന മാധ്യമക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 400-ലധികം സീറ്റുകളും ബിജെപി 370-ലധികം സീറ്റുകളും നേടാനാണ് പ്രധാനമന്ത്രി മോദി അടക്കമുള്ള നേതാക്കൾ ലക്ഷ്യം വയ്‌ക്കുന്നത്. കഴിഞ്ഞ 10 വർഷക്കാലത്തെ ട്രാക്ക് റെക്കോർഡുമായാണ് എൻഡിഎ സ്ഥാനാർഥികൾ ജനങ്ങളോട് സംവദിക്കുന്നതെന്നും വികസനത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്‌ചപ്പാടുകൾക്കൊപ്പമാണ് അവരെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അവകാശപ്പെട്ടിരുന്നു.
ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുക. ജൂൺ നാലിനാണ് ഫല പ്രഖ്യാപനം.