ന്യൂഡൽഹി :ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആര് ഭരിക്കണം എന്ന് നിർണയിക്കാനുള്ള, ലോകത്തെ ഏറ്റവും ബൃഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കാൻ ഇനി കേവലം രണ്ട് ദിവസം മാത്രം ബാക്കി. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടം ഏപ്രിൽ 19 ന് നടക്കും. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആൻഡമാൻ, പുതുച്ചേരി അടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 102 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.
ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ 1625 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇവരിൽ 1490 പേർ പുരുഷന്മാരും 135 പേർ സ്ത്രീകളുമാണ്. 890 സ്ഥാനാർഥികൾ സ്വാതന്ത്രരായാണ് മത്സരിക്കുന്നത്. ബിജെപിയും കോൺഗ്രസും അടക്കം 194 പാർട്ടികൾ മത്സര രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളിൽ 73ഉം ജനറൽ വിഭാഗത്തിലാണ്. 18 മണ്ഡലങ്ങൾ എസ്‌സി സംവരണമുള്ളതും 11 എണ്ണം എസ്‌ടി സംവരണമുള്ളതുമാണ്.
ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും മണ്ഡലങ്ങളും
- ആൻഡമാൻ നിക്കോബാർ
- അരുണാചൽ പ്രദേശ്- അരുണാചൽ പ്രദേശ് ഈസ്‌റ്റ്, അരുണാചൽ പ്രദേശ് വെസ്‌റ്റ്
- അസം- ദിബ്രുഗഡ്, ജോർഹട്ട്, കാസിരംഗ, ലഖിംപൂർ, സോനിത്പൂർ
- ബിഹാർ- ഔറംഗബാദ്, ഗയ, ജാമുയി, നവാഡ
- ജമ്മു കശ്‌മീർ- ഉധംപൂർ
- ഛത്തീസ്‌ഗഡ്- ബസ്‌തർ
- ലക്ഷദ്വീപ്-ലക്ഷദ്വീപ്
- മധ്യപ്രദേശ്- ചിന്ദ്വാര, ബാലാഘട്ട്, ജബൽപൂർ, മണ്ഡല, സിദ്ധി, ഷാഹ്ദോൾ
- മഹാരാഷ്ട്ര- ചന്ദ്രപൂർ, ഭണ്ഡാര - ഗോണ്ടിയ, ഗഡ്‌ചിരോളി - ചിമൂർ, രാംടെക്, നാഗ്‌പൂർ
- മണിപ്പൂർ- ഇന്നര്‍ മണിപ്പൂർ, ഔട്ടർ മണിപ്പൂർ
- രാജസ്ഥാൻ- ഗംഗാനഗർ, ബിക്കാനീർ, ചുരു, ജുൻജുനു, സിക്കാർ, ജയ്‌പൂർ റൂറൽ, ജയ്‌പൂർ, അൽവാർ, ഭരത്പൂർ, കരൗലി-ധോൾപൂർ, ദൗസ, നാഗൗർ
- മേഘാലയ- ഷില്ലോങ്, തുറ
- മിസോറാം- മിസോറാം
- നാഗാലാൻഡ്- നാഗാലാൻഡ്
- പുതുച്ചേരി- പുതുച്ചേരി
- സിക്കിം- സിക്കിം
- തമിഴ്‌നാട്- തിരുവള്ളൂർ, ചെന്നൈ നോർത്ത്, ചെന്നൈ സൗത്ത്, ചെന്നൈ സെൻട്രൽ, ശ്രീപെരുമ്പത്തൂർ, കാഞ്ചീപുരം, ആരക്കോണം, വെല്ലൂർ, കൃഷ്‌ണഗിരി, ധർമപുരി, തിരുവണ്ണാമലൈ, ആറണി, വിഴുപ്പുരം, കള്ളക്കുറിച്ചി, സേലം, നാമക്കൽ, ഈറോഡ്, തിരുപ്പൂർ, നീലഗിരി, കോയമ്പത്തൂർ, പൊള്ളാച്ചി, ദിണ്ടിഗൽ, കരൂർ, തിരുച്ചിറപ്പള്ളി, പെരമ്പല്ലൂർ, കടലൂർ, ചിദംബരം, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂർ, ശിവഗംഗ, മധുര, തേനി, വിരുദുനഗർ, രാമനാഥപുരം, തൂത്തുക്കുടി, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി
- ത്രിപുര- ത്രിപുര വെസ്‌റ്റ്
- ഉത്തരാഖണ്ഡ്- തെഹ്‌രി ഗർവാൾ, ഗർവാൾ, അൽമോറ, നൈനിറ്റാൾ- ഉദംസിങ് നഗർ, ഹരിദ്വാർ
- പശ്ചിമ ബംഗാൾ- കൂച്ച്ബെഹാർ, അലിപുർദുവാർസ്, ജൽപായ്‌ഗുരി
- ഉത്തർപ്രദേശ്- സഹാറൻപൂർ, കൈരാന, മുസാഫർനഗർ, ബിജ്‌നോർ, നാഗിന, മൊറാദാബാദ്, രാംപൂർ, പിലിഭിത്
ഈ സംസ്‌ഥാനങ്ങളില്‍ ഇന്ന് വൈകിട്ടോടെ പരസ്യ പ്രചാരണം അവസാനിക്കും. പിന്നീട് നിശബ്‌ദ പ്രചാരണത്തിന്‍റെ സമയമാണ്. ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള പ്രചാരണങ്ങൾ നിരോധിച്ചിരിക്കുന്നു. പൊതുയോഗങ്ങൾ, പ്രസംഗങ്ങൾ, അഭിമുഖങ്ങൾ, പ്രിൻ്റ്, ഇലക്‌ട്രോണിക് മീഡിയ അല്ലെങ്കിൽ സോഷ്യൽ മീഡിയ എന്നിവ വഴി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രദർശിപ്പിക്കല്‍ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
വോട്ടർമാരെ സ്വാധീനത്തിന് വിധേയരാക്കാതെ, അവര്‍ക്ക് തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ശാന്തവും സമാധാനപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതാണ് നിശബ്‌ദ പ്രചാരണം കൊണ്ട് ലക്ഷ്യമിടുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 48 മണിക്കൂർ മുൻപാണ് നിശബ്‌ദ പ്രചാരണം ആരംഭിക്കുക.