ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരള സര്‍ക്കാര്‍ വേണ്ടത്ര പരിസ്ഥിതി പഠനം നടത്താതെ നിരവധി പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ജില്ലയുടെ ഭൂപ്രകൃതിയെയോ ഭൂമിശാസ്‌ത്രത്തെയോ കണക്കിലെടുക്കാതെയാണ് പദ്ധതികള്‍ക്ക് അനുമതി നല്‍കിയതെന്നും ചൂണ്ടിക്കാട്ടുന്നു. മലയോര ദേശീയപാത, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒപ്ടിക്കല്‍ ഫൈബറുകള്‍ സ്ഥാപിക്കല്‍ ഇവ ഇതില്‍ ചിലതാണ്.
നാല് പദ്ധതികള്‍ക്ക് കേരള സര്‍ക്കാര്‍ വയനാട്ടില്‍ അനുമതി നല്‍കിയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇവയൊന്നും പ്രദേശത്തെ മണ്ണിന്‍റെ ഘടനയെയോ പാറകളുടെ സാഹചര്യങ്ങളെയോ ഭൂമിശാസ്‌ത്രത്തെയോ പരിഗണിക്കാതെയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
മതിയായ പഠനമില്ലായ്‌മ, വിനോദസഞ്ചാരവും നഗരതവത്ക്കരണവും മൂലമുള്ള മനുഷ്യ ഇടപെടല്‍ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്ഥാപിക്കാതിരിക്കല്‍, തുടങ്ങിയവ മേഖലയെ കൂടുതല്‍ ദുരന്ത അനുകൂലമാക്കി.
പത്ത് വര്‍ഷത്തിനിടെ മിക്ക പദ്ധതികള്‍ക്കും രണ്ടാം ഘട്ടം വരെ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നു. പദ്ധതികള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കുന്നതാണ് ഒന്നാംഘട്ടത്തിലെ അനുമതി. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് 4ജി/5ജി കവറേജുകള്‍ക്കായി അനുമതി നല്‍കല്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുള്ള അനുമതി 2023 മാര്‍ച്ച് 20നാണ് നല്‍കിയത്.
ഇതിന് പുറമെ കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയില്‍, കല്ലായ്, മേപ്പാടി പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാല് വരിയുള്ള ഇരട്ട തുരങ്ക പാതയ്ക്ക് 2023 മാര്‍ച്ച് 31നാണ് അനുമതി നല്‍കിയത്. ഒന്നാംഘട്ട അനുമതി മാത്രമാണ് ഇതിന് നല്‍കിയിട്ടുള്ളത്. നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല.
മലയോര ദേശീയപാതയുടെ നിര്‍മ്മാണത്തിന് അനുമതി നല്‍കി. അമ്പായത്തോട് മുതല്‍ കണ്ണൂര്‍ ജില്ലയിലെ ബോയ്‌സ് ടൗണ്‍ വരെ നീളുന്ന ഹൈവേയ്ക്ക് 2022 സെപ്റ്റംബര്‍ ആറിനാണ് അനുമതി നല്‍കിയത്.