ബെംഗളൂരു (കർണാടക) : അനധികൃത സ്വത്ത് സമ്പാദന കേസിൽ രേഖകൾ സമർപ്പിക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് കർണാടക ലോകായുക്തയുടെ നോട്ടിസ് അയച്ചു. ഡികെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ എല്ലാ രേഖകളും സമർപ്പിക്കണമെന്ന് കർണാടക ലോകായുക്ത ആവശ്യപ്പെട്ടു.
മുൻപ് ഭരിച്ച ബിജെപി സർക്കാർ പുറപ്പെടുവിച്ച കേന്ദ്ര ഏജൻസി അന്വേഷണത്തിനുള്ള അനുമതി സിദ്ധരാമയ്യ സർക്കാർ പിൻവലിച്ചതിനെ തുടർന്നാണ് കേസ് ലോകായുക്തയ്ക്ക് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൃത്യമായി ഹാജരാക്കാൻ ശിവകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കേസ് അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷന് (സിബിഐ) നൽകിയ അനുമതി 2023 നവംബർ 23ന് കോൺഗ്രസ് സർക്കാർ പിൻവലിച്ചിരുന്നു. തുടർന്നാണ് കോൺഗ്രസ് സർക്കാർ കേസ് ലോകായുക്തയ്ക്ക് കൈമാറിയത്.
ശിവകുമാറിനെതിരായ കുറ്റപത്രം സമർപ്പിക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണെന്ന് അവകാശപ്പെട്ട് കർണാടക സർക്കാരിന്‍റെ തീരുമാനത്തെ സിബിഐ കോടതിയിൽ ചോദ്യം ചെയ്‌തിരുന്നു. 2013 മുതൽ 2018 വരെ 74.93 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ഡികെ ശിവകുമാറിനെതിരായ സിബിഐ അന്വേഷണം സംസ്ഥാന സർക്കാർ റദ്ദാക്കിയിരുന്നു.